മ്പത് സംവിധായകർ ഒരുക്കുന്ന ഒമ്പത് കഥയുമായി തമിഴ് ആന്തോളജി ചിത്രം ഒരുങ്ങുന്നു.'നവരസ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് സംവിധായകൻ മണി രത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ്. നെറ്റ്ഫ്ളിക്സിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. വമ്പൻ താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. 

ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവർക്കൊപ്പം നടൻ അരവിന്ദ് സ്വാമിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. ചിത്രത്തിനായി സിനിമയിലെ മുൻ നിര താരങ്ങളേയും സംവിധായകരേയും അണിയറ പ്രവർത്തകരേയും സമീപിച്ചപ്പോൾ മികച്ച പ്രതികരണമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് മണിരത്നവും ജയേന്ദ്രയും പറയുന്നു.

കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ ആന്തോളജി ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകും.

സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്,  സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, ശരവണന്‍, ഐശ്വര്യ രാജേഷ്, ഷംന കാസിം, പ്രസന്ന, വിക്രാന്ത്, സിംഹ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അഭിനേതാക്കളും അണിയറപ്രവർത്തകരും സൗജന്യമായാണ് ചിത്രത്തിന്റെ ഭാഗമാകുന്നതെന്നാണ് റിപ്പോർട്ടുകൾ. 

എ.ആർ റഹ്മാൻ, ഡി ഇമ്മൻ, ​ഗിബ്രാൻ, അരുൾ ദേവ്, കാർത്തിക്, റോൺ എതാൻ യോഹാൻ, ​ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവർ ചിത്രങ്ങൾക്കായി സം​ഗീതം ഒരുക്കും. സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ തുടങ്ങിയവരാണ് ഛായാഗ്രഹണം.