ചെന്നൈ: വിജയ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ലൊക്കേഷനിലെ ബിജെപി പ്രതിഷേധത്തിന് എതിരെ തമിഴ് സിനിമാ സംഘടനകൾ. സിനിമയിൽ, രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്ന് തമിഴ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. ഷൂട്ടിങ്ങ് തടസപ്പെടുത്തുന്ന പ്രതിഷേധങ്ങൾ ശക്തമായി നേരിടുമെന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ എഫ്ഇഎഫ്എസ്ഐയും പ്രതികരിച്ചു. 

നെയ് വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ പ്ലാന്റിലെ  മാസ്റ്റർ സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു പ്രതിഷേധം ബിജെപി പ്രതിഷേധം. അതീവസുരക്ഷാ പ്രാധാന്യമുള്ള മേഖലയിലെ  ഷൂട്ടിങ്ങ് അനുവദിക്കാനാകില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു പ്രതിഷേധം. 

അതിനിടെ ബിഗിലിന്‍റെ നിര്‍മ്മാതാക്കളായ എജിഎസ് സിനിമാസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുകയാണ്. സിനിമാ ഫൈനാന്‍ഷ്യര്‍ അന്‍പു ചെഴിയന്‍റെ ഓഫീകളില്‍ മൂന്നാം ദിനവും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ബിഗില്‍ കൂടാതെ മുന്‍പ് നിര്‍മ്മിച്ച സിനിമകളുടെ ചെലവുകളും നികുതി അടച്ചതിന്‍റെ രേഖകളുമാണ് പരിശോധിക്കുന്നത്.

കണക്കില്‍പെടാത്ത 77 കോടി രൂപയും,നിരവധി രജിസ്ട്രേഷന്‍ രേഖകളും, ഈടായി വാങ്ങിയ ചെക്കുകളും നേരത്തെ പിടിച്ചെടുത്തിരുന്നു. വിജയിയുടെ സ്വത്ത് വിവരങ്ങള്‍ ആദായ നികുതി വകുപ്പ് സൂക്ഷമമായി പരിശോധിക്കുകയാണ്.