അന്തരിച്ച മഹാഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ വേര്‍പാടില്‍ കണ്ണീര്‍ പൊഴിച്ച് തമിഴ് സിനിമാലോകം. തെലുങ്ക് സിനിമ കഴിഞ്ഞാല്‍ അദ്ദേഹം ഏറ്റവുമധികം പാട്ടുകള്‍ പാടിയത് തമിഴില്‍ ആയിരുന്നു. കെ വി മഹാദേവന്‍റെയും എംഎസ് വിശ്വനാഥന്‍റെയും വി കുമാറിന്‍റെയുമൊക്കെ സംഗീതത്തിലാണ് ആദ്യം പാടിത്തുടങ്ങിയതെങ്കില്‍ ഇളയരാജയുടെ കടന്നുവരവോടെ തമിഴ് സിനിമാപ്രേമികളുടെ ഹൃദയത്തിലേക്ക് അദ്ദേഹം ഒരിക്കലും മായാത്ത മുദ്ര പതിപ്പിച്ചു.

"അണ്ണയ്യ എസ്‍പിബിയുടെ ശബ്ദത്തിന്‍റെ നിഴലില്‍ ഏറെക്കാലം വളരാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. വരും തലമുറകളിലും അദ്ദേഹത്തിന്‍റെ ഖ്യാതി ഇവിടെ നിലനില്‍ക്കും", എസ് പി ബിയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ക്കൊപ്പം കമല്‍ ട്വിറ്ററില്‍ കുറിച്ചു. 

എസ്‍പിബിയുടെ ശബ്ദം ഓരോ വീട്ടകങ്ങളിലും എക്കാലത്തേക്കും മുഴങ്ങുമെന്നാണ് ധനുഷിന്‍റെ ട്വീറ്റ്. വരാനിരിക്കുന്ന തലമുറകളിലൂടെയും ആ ശബ്ദം ജീവിക്കുമെന്നും. 

"തകര്‍ന്നു" എന്ന ഒറ്റവാക്കിലാണ് എ ആര്‍ റഹ്മാന്‍റെ പ്രതികരണം. എസ് പി ബിയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം #ripspb എന്ന ടാഗും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. 

എസ് പി ബിയുടെ വിയോഗം ഒരു വ്യക്തിപരമായ നഷ്ടം പോലെ തെന്നുന്നുവെന്നാണ് നടി തൃഷ കൃഷ്ണന്‍റെ കുറിപ്പ്. "താങ്കള്‍ പാടിയ സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. അതില്‍ അഭിമാനമുണ്ട്. സംഗീതത്തിന് നന്ദി. ഇതിഹാസങ്ങള്‍ എക്കാലത്തേക്കുമാണ്", എന്നും തൃഷ കുറിച്ചു.