എങ്ക ദളപതി സാർ അവര്, കേരളത്തിൽ ജനിച്ചില്ലല്ലോന്ന വിഷമം: 'ലിയോ'ആരവമില്ലാതെ തമിഴ്നാട്, നിരാശയിൽ ഫാൻസ്
ദളപതി വിജയ് സ്ഥാനാർത്ഥിയായി നിന്നാൽ മാത്രമെ തങ്ങൾ വോട്ടിടുള്ളൂ എന്നും പറയുന്നവരുണ്ട്.

തമിഴിലെ യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. കൈതി, വിക്രം പോലുള്ള സിനിമകളിലൂടെ 'എൽസിയു' എന്ന സാമ്രാജ്യം കെട്ടിപ്പടുത്ത സംവിധായകനൊപ്പം വിജയ് ഒന്നിക്കുന്നു എന്നതായിരുന്നു ലിയോയിലേക്ക് പ്രേക്ഷകരെ ആകർഷിച്ച ഘടകം. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ചിത്രം തിയറ്ററിൽ എത്തിയത് റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടായിരുന്നു. ദളപതി വിജയ് വേറിട്ട ഗെറ്റപ്പിൽ നിറഞ്ഞാടിയ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തപ്പോൾ, തമിഴ് സിനിമാസ്വാദകർക്ക് നിരാശയാണ്. പല സംസ്ഥാനങ്ങളിലും റിലീസ് ചെയ്ത ശേഷമാണ് ലിയോ തമിഴ്നാട്ടിൽ പ്രദർശിപ്പിച്ചത് എന്നതാണ് അതിന് കാരണം.
ലിയോയ്ക്ക് നാല് മണി ഷോ വേണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ സർക്കാരിന് അപേക്ഷ നൽകിയിരുന്നു എങ്കിലും നിരാശ ആയിരുന്നു ഫലം. ഇന്ന് ഒൻപത് മണിക്കാണ് സംസ്ഥാനത്ത് ഷോ തുടങ്ങിയത്. ഇത് ആരാധകരെ വളരെയധികം നിരാശയിൽ ആഴ്ത്തി. കേരളം ഉൾപ്പടെ ഉള്ള സംസ്ഥാനങ്ങളിൽ നാല് മണി ഷോ കഴിഞ്ഞ് റിവ്യുകൾ അടക്കം പുറത്തുവന്നതിന് ശേഷം വിജയ് ചിത്രം കാണാൻ ആയതിലെ വിഷമം ആരാധകർ പ്രകടിപ്പിച്ചു. പൊതുവിൽ വിജയ് ചിത്രത്തിന് വൻ ആരവമാണ് തമിഴ്നാട്ടിൽ ഉണ്ടാകുക. എന്നാൽ ലിയോയ്ക്ക് ആ പതിവ് തെറ്റി. ആഘോഷങ്ങളൊന്നും ഇല്ലാതെ അനാഥമായാണ് തിയറ്ററുകൾ കിടക്കുന്നതെന്ന് ആരാധകർ പറയുന്നു.
"എങ്ക ദളപതി സാർ അവര്. അദ്ദേഹത്തിന്റെ സിനിമ നമ്മളാണോ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവരാണോ ആദ്യം കാണേണ്ടത് ?, നാല് മണി ഷോ ആയിരുന്നുവെങ്കിൽ വൻ ആഘോഷമായിരിക്കും തിയറ്ററുകളിൽ. പ്രത്യേകിച്ച് രോഹിണി അടക്കമുള്ള തിയറ്ററുകളിൽ. ഇന്ന് നോക്കിക്കേ അനാഥമായാണ് തിയറ്ററുകൾ കിടക്കുന്നത്, ഞങ്ങൾ വിജയ് ചിത്രത്തിന്റെ ആഘോഷം കാണാനാണ് ചെന്നൈയിൽ എത്തിയത്, പക്ഷേ നിരാശമാത്രമാണ് ഫലം, തമിഴ്നാട്ടിൽ ജനിച്ചതിന് പകരം കേരളത്തിൽ ജനിച്ചാൽ മതിയായിരുന്നു, വേറെ സംസ്ഥാനത്തിൽ ഉള്ളവർ കൊടുക്കുന്ന റിവ്യു കണ്ട് സിനിമ കാണേണ്ട അവസ്ഥയാണ് ഞങ്ങൾക്ക്", എന്നിങ്ങനെ പോകുന്നു ആരാധക പ്രതികരണങ്ങൾ.
നാല് മണിക്ക് ഷോ വേണമെന്നും അല്ലെങ്കിൽ തങ്ങൾ സിനിമകൾ കാണില്ലെന്നും ആരാധകർ രോക്ഷത്തോടെ പറയുന്നുണ്ട്. അതേസമയം, ദളപതി വിജയ് സ്ഥാനാർത്ഥിയായി നിന്നാൽ മാത്രമെ തങ്ങൾ വോട്ടിടുള്ളൂ എന്നും പറയുന്നവരുണ്ട്. ദളപതി പറഞ്ഞാൽ അഞ്ച് കോടി വോട്ട് വീഴുമെന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്.