ചെന്നൈ: ഏറെക്കാലത്തെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും ശേഷം സജീവരാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങി സൂപ്പർ താരം രജനീകാന്ത്. ട്വിറ്ററിലൂടെയാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനം ജനുവരിയിലുണ്ടാകുമെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. ഡിസംബർ 31-ന് രാഷ്ട്രീയപാർട്ടിയുടെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് രജനീകാന്ത് വ്യക്തമാക്കുന്നത്. അദ്ഭുതങ്ങൾ നടക്കുമെന്നാണ് ട്വീറ്റിൽ രജനി എഴുതുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാഷ്ട്രീയപാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് ട്വിറ്ററിൽ സൂപ്പർതാരം അറിയിക്കുന്നത്. ''സത്യസന്ധമായ, ആത്മീയ സർക്കാർ'' രൂപീകരിക്കുമെന്നാണ് രജനീകാന്തിന്‍റെ പ്രഖ്യാപനം. അദ്ഭുതങ്ങൾ സംഭവിക്കുമെന്നും രജനിയുടെ ട്വീറ്റ്.

2021 ജനുവരിയിൽ രാഷ്ട്രീയപാർട്ടിക്ക് തുടക്കമിടാൻ തയ്യാറാണോ എന്നറിയാൻ ആരാധകസംഘടനയിലെ പ്രവർത്തകരുടെ ഒരു യോഗം രജനീകാന്ത് വിളിച്ചുചേർത്തിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം ശക്തമായി ആരാധകർ ഉന്നയിക്കുകയും ചെയ്തു. ബിജെപിയും രജനിയുടെ രാഷ്ട്രീയപ്രവേശത്തിനായി കാത്തിരിക്കുന്ന സാഹചര്യത്തിൽ സമ്മർദ്ദം ശക്തമായതിന്‍റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിന്‍റെ സൂചനകൾ രജനീകാന്ത് നൽകുന്നത്. 

ബുധനാഴ്ച പോയസ് ഗാർഡൻ കേന്ദ്രമായി ചില ചർച്ചകൾ നടന്നിരുന്നു. രജനീകാന്ത് രാഷ്ട്രീയഉപദേശകനും തുഗ്ലക്ക് എഡിറ്ററും ആർഎസ്എസ് സൈദ്ധാന്തികനുമായ എസ് ഗുരുമൂർത്തിയുമായി പല തവണ ചർച്ചകളും നടത്തി. രജനി മക്കൾ മൻട്രം ജില്ലാ സെക്രട്ടറിമാരുമായി പല തവണ ഓൺലൈനായും അല്ലാതെയും ചർച്ചകളും നടത്തി. ഇതിനെല്ലാം ശേഷമാണ്, കൃത്യമായി ഒരു തീയതി പ്രഖ്യാപിച്ചുകൊണ്ട് രജനീകാന്തിന്‍റെ ട്വീറ്റ്. 

ആരോഗ്യപരമായ കാരണങ്ങളാൽ ആൾക്കൂട്ടങ്ങലിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നിൽക്കുകയായിരുന്നു രജനീകാന്ത്. ഒക്ടോബറിലാണ് രജനീകാന്ത് കിഡ്നി മാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങളിൽ നിന്ന് മാറി നിൽക്കുകയാണെന്ന പ്രഖ്യാപനം രജനീകാന്ത് നടത്തിയതാണ്. രാഷ്ട്രീയപ്രവേശം വേണ്ടെന്ന നിലപാടിലേക്ക് സൂപ്പർ താരം പോവുകയാണെന്ന അഭ്യൂഹം അന്ന് ശക്തമായിരുന്നു. എന്നാൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ ചെന്നൈയിലെത്തിയപ്പോൾ രജനീകാന്തിനെ നേരിട്ടുകാണുകയെന്നതും അജണ്ടയിലുണ്ടായിരുന്നു. അന്ന് ആ കൂടിക്കാഴ്ച നടന്നില്ലെങ്കിലും, ബിജെപിയുടെ ഭാഗത്തുനിന്നും ശക്തമായ സമ്മർദ്ദമുണ്ടായി. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ്, ജനുവരിയിൽ രാഷ്ട്രീയപാർട്ടിപ്രഖ്യാപനമുണ്ടാകുമെന്ന പ്രഖ്യാപനവുമായി രജനീകാന്ത് നേരിട്ട് രംഗത്തെത്തുന്നത്.