'അണ്‍ലോക്ക് 5.0'യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ നിബന്ധനകളോടെ സിനിമാതീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും കേരളവും തമിഴ്നാടും മഹാരാഷ്ട്രയുമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും അതിനു തയ്യാറായിരുന്നില്ല. കൊവിഡ് ഭീതി വിട്ടുമാറാത്തതുതന്നെ കാരണം. ഇപ്പോഴിതാ സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങുകയാണ് തമിഴ്നാട്. പുതിയ തീരുമാനപ്രകാരം ഈ മാസം 10 മുതലാണ് തമിഴ്നാട്ടിലെ തീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തെ തീയേറ്റര്‍ ഉടമകള്‍ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

മള്‍ട്ടിപ്ലെക്സുകളും ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്നവയും അടക്കമുള്ള തീയേറ്ററുകള്‍ പത്താം തീയ്യതി മുതല്‍ തുറക്കാം. അതേസമയം പ്രവേശനം അനുവദിക്കാവുന്ന കാണികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ടിക്കറ്റുകള്‍ നല്‍കാനാവുക. സിനിമാ, ടെലിവിഷന്‍ പ്രോഗ്രാം ഷൂട്ടിംഗുകള്‍ പരമാവദി 150 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താം. 

അതേസമയം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. തീയേറ്ററുകള്‍ക്ക് പുറമെ പാര്‍ക്കുകള്‍, ഓഡിറ്റോറിയം, മ്യൂസിയം തുടങ്ങിയവയും പത്തിന് തുറക്കാം. സ്കൂളുകളും (9, 10, 11, 12 ക്ലാസുകള്‍) കോളെജുകളും ഗവേഷണ സ്ഥാപനങ്ങളും ഈ മാസം 16 മുതല്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

പശ്ചിമബംഗാള്‍, ദില്ലി, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി ഇന്ത്യയിലെ 21 സംസ്ഥാനങ്ങള്‍ കഴിഞ്ഞ 15നു തന്നെ നിബന്ധനകളോടെ തീയേറ്ററുകള്‍ തുറന്നിരുന്നു. എന്നാല്‍ മാനമാത്രമായ കാണികളെയാണ് ആദ്യ ആഴ്ചകളില്‍ ലഭിച്ചത്. കൊവിഡ് ഭീതിയിക്ക് പുറമെ പുതിയ റിലീസുകള്‍ സംഭവിക്കാത്തതും കാണികള്‍ തീയേറ്ററുകളിലേക്ക് വേണ്ടത്ര ആകര്‍ഷിക്കപ്പെടാത്തതിന് കാരണമാണ്.