സെയ്‍ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, മുഹമ്മദ് സീഷാന്‍ അയൂബ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെബ് സിരീസ് വെള്ളിയാഴ്ചയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. തൊട്ടുപിന്നാലെതന്നെ ഇത് ഹിന്ദു ദേവീദേവന്മാരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പരാതികളും സോഷ്യല്‍ മീഡിയ ക്യാംപെയ്‍നും ആരംഭിച്ചിരുന്നു.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലും കേസിലും പ്രതികരണവുമായി ആമസോണ്‍ പ്രൈമിന്‍റെ വെബ് സിരീസ് ആയ 'താണ്ഡവി'ന്‍റെ അണിയറക്കാര്‍. തങ്ങളുടെ വെബ് സിരീസ് ഒരു കല്‍പ്പിക കഥയാണെന്നും തോന്നിയിരിക്കാവുന്ന സാമ്യങ്ങള്‍ യാദൃശ്ചികമാണെന്നും കുറിച്ചിരിക്കുന്ന പ്രതികരണത്തില്‍ പ്രതിഷേധമറിയിച്ച ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്നും നിരുപാധികം മാപ്പ് ചോദിക്കുകയാണെന്നും 'താണ്ഡവ്' ടീം അറിയിച്ചിട്ടുണ്ട്. സിരീസിനെതിരെ ബിജെപി നേതാക്കള്‍ അടക്കമുള്ളവരില്‍ നിന്നുള്ള പ്രതിഷേധത്തിനുപിന്നാലെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ആമസോണ്‍ പ്രൈമിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വെബ് സിരീസിന്‍റെ അണിയറക്കാര്‍ വിഷയത്തില്‍ മാപ്പ് പറഞ്ഞിരിക്കുന്നത്.

"താണ്ഡവ് ഒരു കല്‍പ്പിത കഥയാണ്. വ്യക്തികളുമായോ സംഭവങ്ങളുമായോ ഉള്ള ഏതു തരത്തിലുള്ള സാമ്യവും യാദൃശ്ചികം മാത്രമാണ്. ഏതെങ്കിലും വ്യക്തിയുടെയോ ജാതി, സമൂഹം, വര്‍ഗം, മതം, മതവിശ്വാസം എന്നിവയുടെയോ വികാരത്തെ അവഹേളിക്കണമെന്നോ ഏതെങ്കിലും സ്ഥാപനത്തെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആ വ്യക്തിയെ അപമാനിക്കണമെന്നോ ഇതിന്‍റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് യാതൊരു ഉദ്ദേശവുമില്ല. എന്നാല്‍ ജനങ്ങള്‍ ഉയര്‍ത്തിയ ആശങ്ക മനസിലാക്കിക്കൊണ്ട്, ഞങ്ങളുടെ വെബ് സിരീസ് ആരുടെയെങ്കിലും വികാരത്തെ അറിഞ്ഞുകൊണ്ടല്ലാതെ മുറിവേല്‍പ്പിച്ചെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു", ഇങ്ങനെയാണ് വെബ് സിരീസിന്‍റെ അണിയറക്കാരുടെ പ്രതികരണം.

സെയ്‍ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, മുഹമ്മദ് സീഷാന്‍ അയൂബ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെബ് സിരീസ് വെള്ളിയാഴ്ചയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. തൊട്ടുപിന്നാലെതന്നെ ഇത് ഹിന്ദു ദേവീദേവന്മാരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പരാതികളും സോഷ്യല്‍ മീഡിയ ക്യാംപെയ്‍നും ആരംഭിച്ചിരുന്നു. ബിജെപി നേതാക്കളായ കപില്‍ മിശ്ര, രാം കദം, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരൊക്കെ വെബ് സിരീസിനെതിരെ പ്രതികരിച്ചവരില്‍ ഉള്‍പ്പെടും. പരാതിയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് പൊലീസ് വെബ് സിരീസിന്‍റെ അണിയറക്കാര്‍ക്കെതിരെ ഒരു കേസും ഫയല്‍ ചെയ്തിരുന്നു.