വൈദ്യുതി ബില്‍ അടുത്തിടെ സംസ്ഥാനത്ത് ചര്‍ച്ചയായിരുന്നു. സാധാരണയിലും അധികമാണ് കറന്റ് ബില്‍ വന്നത് എന്നായിരുന്നു പരാതി. വലിയ വിവാദവുമായി. ഇപ്പോഴിതാ  നടി തപ്‍സിയും മഹാരാഷ്‍ട്രയില്‍ തനിക്ക് കറന്റ് ബില്‍ അധികം വന്നതിന് എതിരെ പരാതിയുമായി എത്തിയിരിക്കുന്നു. വളരെ അധികം ബില്‍ ആണ് ഇത്തവണ തനിക്ക് വന്നത് എന്നാണ് തപ്‍സി പറയുന്നത്. ജൂണില്‍ 36,000 രൂപയാണ് ലഭിച്ച ബില്‍ എന്നാണ് തപ്‍സി പറയുന്നത്.

സാധാരണയില്‍ നിന്ന് പത്തിരട്ടി ബില്‍ ആണ് കറന്റ് ചാര്‍ജ് ആയി വന്നത് എന്നാണ് തപ്‍സി പറയുന്നത്. ഏപ്രിലില്‍ 4390 ആയിരുന്നു ബില്‍. മെയില്‍ 3850. അപാര്‍ട്‍മെന്റില്‍ പുതുതായി  ഉപയോഗിക്കുന്നതോ വാങ്ങിയതോ ആയ ഉപകരണങ്ങളാണ് കറന്റ് ബില്‍ വര്‍ദ്ധിക്കാൻ കാരണം. ആ അപാര്‍ട്‍മെന്റില്‍ ആരും താമസിക്കുന്നില്ലെന്നും വൃത്തിയാക്കാനായി ഒരിക്കല്‍ മാത്രമേ അവിടെ പോയിട്ടുള്ളൂവെന്നും തപ്‍സി പറയുന്നു. തങ്ങളുടെ അപാര്‍ട്‍മെന്റില്‍ വേറേ ആരോ കഴിയുന്നുണ്ടെന്നും അത് കണ്ടെത്താൻ സഹായിക്കണമെന്നും പരിഹാസരൂപേണ തപ്‍സി പറയുന്നു. ലോക്ക് ഡൌണില്‍ താൻ എന്ത് ഉപകരണങ്ങളാണ് വാങ്ങിയത് ഇത്രയും വലിയ കറന്റ് ചാര്‍ജ് വരാൻ എന്നും തപ്‍സി ചോദിക്കുന്നു. ബില്ലിന്റെ ഫോട്ടോയും തപ്‍സി ഷെയര്‍ ചെയ്‍തിട്ടുണ്ട്.