കങ്കണ റണൌതിന്റെ സഹോദരി രംഗോളി തപ്‍സിയെ വിമര്‍ശിച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു. കങ്കണയുടെ 'കോപ്പിയാണ്' തപ്‍സിയെന്നായിരുന്നു രംഗോളി പറഞ്ഞത്. സ്വന്തം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അത്തരം വിഷയങ്ങളില്‍ സമയം ചെലവിടാനില്ലെന്നുമായിരുന്നു രംഗോളിയുടെ പരാമര്‍ശനത്തിന് മറുപടിയായി ഒരു ചടങ്ങില്‍ തപ്‍സി പറഞ്ഞത്.

സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടുന്നതിനെക്കുറിച്ച് തപ്‍സിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു- "നിങ്ങള്‍ ട്രോള്‍ ചെയ്യപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്നുകൂടിയാണ് അര്‍ഥം. നിങ്ങള്‍ ട്രോള്‍ ചെയ്യപ്പെടുന്നില്ലെങ്കില്‍ നിങ്ങളുടെ കാര്യത്തില്‍ സമയമോ ഊര്‍ജ്ജമോ കളയാൻ ആര്‍ക്കും ആഗ്രഹമില്ലെന്നും നിങ്ങള്‍ക്ക് പ്രാധാന്യം ഇല്ലെന്നും കൂടിയാണ് അര്‍ഥം."

അതേസമയം തപ്‍സി നായികയാകുന്ന പുതിയ ചിത്രമായ സാൻഡ് കി ആങ്കിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ടീസറിനെ പ്രശംസിച്ച് വരുണ്‍ ധവാൻ രംഗത്തെത്തിയപ്പോള്‍ രംഗോളിക്ക് മറുപടിയുമായി തപ്‍സി കമന്റിട്ടതും വൈറലായിരുന്നു.

യഥാര്‍ഥ ഇന്ത്യൻ നായികമാരെ വെളളിത്തിരയിലേക്ക് കൊണ്ടുവരുന്നതില്‍ ആശംസകള്‍ എന്ന അര്‍ഥത്തിലായിരുന്നു വരുണ്‍ ധവാൻ സാമൂഹ്യമാധ്യമത്തില്‍ എഴുതിയത്. സംവിധായകനെ മാത്രമാണ് വരുണ്‍ പേരെടുത്ത് പ്രശംസിച്ചത്.  എന്നാല്‍ എന്തുകൊണ്ട് തന്റെ പേര് എടുത്തുപറഞ്ഞില്ല, അഭിനന്ദിച്ചില്ല എന്നായിരുന്നു തപ്‍സിയുടെ കമന്റ്. പിന്നാലെ തപ്‍സിയെയും ചിത്രത്തിലെ മറ്റൊരു നായിക ഭൂമിയെയും പേരെടുത്ത് പറഞ്ഞും വരുണ്‍ ധവാൻ ആശംസകള്‍ അറിയിച്ചു. മുമ്പ് 'ജെഡ്‍ജ്‍മെന്റല്‍ ഹെ ക്യാ'യുടെ ട്രെയിലറിനെ പ്രശംസിച്ചും വരുണ്‍ ധവാൻ കുറിപ്പെഴുതിയിരുന്നു. എന്നാല്‍ കങ്കണയുടെ പേര്  കണ്ടില്ലെന്ന് പറഞ്ഞ് രംഗോളി വരുണ്‍ ധവാനെ ട്രോളി. പിന്നാലെ എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ച് വരുണ്‍ ധവാൻ രംഗത്ത് എത്തുകയും ചെയ്‍തു. രംഗോളിയുടെ പരാമര്‍ശത്തെ പരിഹസിച്ചിട്ടാണ് തപ്‍സി കമന്റിട്ടിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.