Asianet News MalayalamAsianet News Malayalam

IT Raid : ആന്‍റണി പെരുമ്പാവൂരിനും ആന്‍റോ ജോസഫിനും ആദായ നികുതി വകുപ്പ് നോട്ടീസ്

ആന്‍റണി പെരുമ്പാവൂരിന്‍റെ ഉടസ്ഥതയിലുളള ആശീർവാദ് ഫിലിംസ്, ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, ആന്‍റോ ജോസഫിന്‍റെ ആൻ മെഗാ മീഡിയ എന്നിവിടങ്ങളിൽ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. ഇവരുടെ ടിഡിഎസ് കണക്കുകളിൽ വൻ തുകയുടെ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

TDS IT Raid In The Production Houses Of Leading Film Producers In Malayalam Film Industry
Author
Kochi, First Published Dec 1, 2021, 5:13 PM IST

കൊച്ചി: കണക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂരിനും ആന്‍റോ ജോസഫിനും ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്. രേഖകൾ ഹാജരാക്കണമെന്ന് കാണിച്ചാണ് നോട്ടീസ്. ആന്‍റണി പെരുമ്പാവൂരിന്‍റെ ഉടസ്ഥതയിലുളള ആശീർവാദ് ഫിലിംസ്, ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, ആന്‍റോ ജോസഫിന്‍റെ ആൻ മെഗാ മീഡിയ എന്നിവിടങ്ങളിൽ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. ഇവരുടെ ടിഡിഎസ് കണക്കുകളിൽ വൻ തുകയുടെ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

താരങ്ങൾക്ക് പ്രതിഫലം നൽകുമ്പോൾ ടിഡിഎസ് (Tax Deducted At Source) കുറച്ചിട്ടുളള തുകയാണ് നിർമാതാക്കൾ നൽകുന്നത്. ഈ ടിഡിഎസ് പിന്നീട് ആദായ നികുതിയായി അടയ്ക്കണം. എന്നാൽ പല നി‍ർമാതാക്കളും ഈ തുക അടയ്ക്കാതെ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. താരങ്ങളുടെ പ്രതിഫലം കുറച്ച് കാണിച്ചും ടിഡിഎസ് വെട്ടിപ്പ് നടത്തിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്. യഥാ‍ർഥ പ്രതിഫലത്തിന്‍റെ നാലിലൊന്നുമാത്രം കണക്കിൽ കാണിക്കുകയും ബാക്കി തുകയ്ക്കുളളത് വിതരണക്കരാറായി മാറ്റുകയുമാണ് ചെയ്യുന്നത്. ഇതു ബോധ്യപ്പെട്ടതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് കണക്കുകൾ ഹാജരാക്കാൻ നി‍ർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പൃത്ഥ്വിരാജ്, ദുൽഖർ, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിൽ പരിശോധന

ഇതിനിടെ, ഇന്ന് ടിഡിഎസ് തിരിമറിയുണ്ടോ എന്ന് കണ്ടെത്താൻ പൃത്ഥ്വിരാജ്, ദുൽഖർ സൽമാൻ, വിജയ് ബാബു ഉൾപ്പെടെയുളളവരുടെ നിർമാണ കമ്പനികളിലും ഇന്ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നടൻ പൃത്ഥ്വിരാജിന്‍റെ ഉടമസ്ഥതയിലുളള പൃത്ഥ്വിരാജ് പ്രൊഡക്ഷൻസ്, ദുൽഖർ സൽമാന്‍റെ നിർമാണ കമ്പനിയായ വേ ഫെയറ‌ർ ഫിലിംസ്, വിജയ് ബാബുവിന്‍റെ ഫ്രൈഡേ ഫിലിം ഹൗസ് എന്നിവിടങ്ങളിലാണ് ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗത്തിന്‍റെ പരിശോധന നടന്നത്. ഇവരുടെ നിർമാണ കമ്പനികളുടെ കണക്കുകളും രേഖകളുമാണ് പരിശോധിക്കുന്നത്. ഇവർ നി‍ർമിച്ച സിനിമകളുടെ ഒടിടി വിതരണാവകാശവുമായി ബന്ധപ്പെട്ട കണക്കുകളും അന്വേഷിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios