വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തില്‍ ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസണും.

വിജയ് ദേവെരകൊണ്ട (Vijay Deverakonda) നായകനാകുന്ന ചിത്രമാണ് ലൈഗര്‍ (Liger). പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ലൈഗറെന്ന ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോയത്. ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസൺ ( Mike Tyson) ലൈഗറില്‍ അഭിനയിക്കുന്നുവെന്ന വമ്പൻ പ്രഖ്യാപനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

മൈക്കള്‍ ടൈസണെ ഉള്‍പ്പെടുത്തിയിട്ടുള്ള ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടു. ചിത്രത്തിന്റെ ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് വേഷമിടുന്നത്. 

ചിത്രത്തിലെ വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 

ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ഒടിടിയില്‍ ലൈഗര്‍ എന്ന ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് നേരത്തെ വിജയ് ദേവെരകൊണ്ട തള്ളിയിരുന്നു. ഒരു ബോക്സിംഗ് താരമായിട്ടാണ് ചിത്രത്തില്‍ വിജയ് ദേവെരകൊണ്ട അഭിനയിക്കുക. വിജയ് ദേവെരകൊണ്ടയുടെ ലൈഗര്‍ ചിത്രം വൻ ഹിറ്റാകുമെന്നാണ് പ്രതീക്ഷ.