ബോളിവുഡ് താരം സോനു സൂദിനെ സമൂഹമാധ്യമങ്ങളും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം ഇതിനോടകം നാട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിനായി അമ്പലം പണിതിരിക്കുകയാണ് തെലങ്കാനയിലെ ഒരു ​ഗ്രാമം. 

സിദ്ദിപ്പേട്ട് ജില്ലയിലെ ​​ഗ്രാമത്തിലാണ് സോനുവിന് വേണ്ടി അമ്പലം പണിതത്. സോനു സൂദിന്റെ പ്രതിമയാണ് അമ്പലത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. നാടിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യുന്ന സോനു തങ്ങള്‍ക്ക് ദൈവമാണെന്ന് ഗ്രാമത്തലവന്‍ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.  

ലോക്ക്ഡൗണ്‍ കാലത്ത് സോനു രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സഹായം ചെയ്തു. ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ അദ്ദേഹത്തോടും പ്രാര്‍ത്ഥിക്കണമെന്നും അമ്പലം പണിയുന്നതിന് സഹകരിച്ച രമേശ് കുമാര്‍ പറയുന്നു. എന്നാൽ ഇതൊന്നും താൻ അർഹിക്കുന്നില്ലെന്നായിരുന്നു നടന്റെ പ്രതികരണം. 

അതേസമയം, എട്ട് കെട്ടിടങ്ങൾ പണയം വച്ചെടുത്ത തുക കൊണ്ടാണ് സോനു സൂദ് പാവങ്ങളെ സഹായിച്ചതെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ജുഹുവിലുള്ള രണ്ട് ഷോപ്പുകളും ആറ് ഫ്ലാറ്റുകളുമാണ് താരം ബാങ്കിൽ പണയംവച്ചത്. ഇവ പണയം വച്ച് 10 കോടി രൂപയാണ് താരം വായ്പയെടുത്തതെന്നാണ് പുറത്തുവന്ന വിവരം.

കൊവിഡ്‌ കാലത്തെ സന്നധ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി അംഗീകരങ്ങളും സോനു സൂദിനെ തേടിയെത്തിയിരുന്നു. സോനു സൂദുവിന്റെ പ്രവര്‍ത്തനത്തിന്‌ എസ്‌ഡിജി സ്‌പെഷ്യല്‍ ഹ്യുമനറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ് നൽകി ഐക്യരാഷ്ട്ര സഭ ആദരിച്ചു.