'നഷ്ടമായത് നൂറുകണക്കിന് വിലയേറിയ ജീവനുകൾ'; വയനാടിന് ഒരുകോടി രൂപ നൽകി ചിരഞ്ജീവിയും രാംചരണും
കേരളത്തിലെ പ്രകൃതി ക്ഷോഭത്തിൽ നഷ്ടമാണ് നൂറുകണക്കിന് വിലയേറിയ ജീവനുകളാണെന്നും അതിൽ താൻ ദുഃഖിതനാണെന്നും ചിരഞ്ജീവി.
വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് ആറ് ദിവസം പിന്നിട്ട് കഴിഞ്ഞു. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ പൊലിഞ്ഞത് 370 ജീവനുകളാണ്. ഇനിയും കണ്ടെത്താനുള്ളത് ഇരുന്നൂറ്റി ആറ് പേരെ. ഇവർക്കായുള്ള തിരച്ചിൽ ഉദ്യമത്തിലാണ് രക്ഷാപ്രവർത്തകർ. ഒട്ടനവധി പേരാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഇവർക്ക് വേണ്ടിയുള്ള സഹായങ്ങളുമായി നിരവധി പേർ രംഗത്തെത്തുന്നുമുണ്ട്. ഈ അവസരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ് തെലുങ്ക് നടൻ ചിരഞ്ജീവിയും മകൻ രാം ചരണും.
ട്വിറ്ററിലൂടെ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു കോടി രൂപയാണ് ഇരു നടന്മാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്. കേരളത്തിലെ പ്രകൃതി ക്ഷോഭത്തിൽ നഷ്ടമാണ് നൂറുകണക്കിന് വിലയേറിയ ജീവനുകളാണെന്നും അതിൽ താൻ ദുഃഖിതനാണെന്നും ചിരഞ്ജീവി കുറിച്ചു.
"കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രകൃതി ക്ഷോഭം മൂലം കേരളത്തിന് നഷ്‌ടമായത് നൂറുകണക്കിന് വിലയേറിയ ജീവനുകളാണ്. ആ നഷ്‌ടപ്പെട്ടത്തിൽ അഗാതമായി വേദനിക്കുകയാണ്. വയനാട് ദുരന്തത്തിൽ ഇരയായവരെ കുറിച്ചോർത്ത് മനസ് നൊമ്പരപ്പെടുകയാണ്. ദുരിതബാധിതർക്കായി ഞാനും ചരണും ചേർന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകുകയാണ്. വേദനിക്കുന്ന എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്", എന്നാണ് ചിരഞ്ജീവി കുറിച്ചത്.
ആ കണ്ണുകൾ നിറഞ്ഞു..; ദുരന്തഭൂമിയിലെ വിങ്ങൽ തൊട്ടറിഞ്ഞ് 'ലാലേട്ടൻ'
അതേസമയം, ചിരഞ്ജീവിയുടെ ബന്ധുവും നടനുമായ അല്ലു അര്‍ജുനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഇരുപത്തി അഞ്ച് ലക്ഷം രൂപയാണ് താരം സംഭാവനയായി നല്‍കിയത്. തനിക്ക് എപ്പോഴും സ്നേഹം തന്നിട്ടുള്ള നാടാണ് കേരളമെന്നും വയനാട് ദുരന്തത്തില്‍ താന്‍ ദുഃഖിതനാണെന്നും അല്ലു പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..