മൻസൂര്‍ അലി ഖാന്റെ പരാമര്‍ശം വെറുപ്പുളവാക്കുന്നത്, തൃഷയ്‍ക്കൊപ്പമെന്നും മുതിര്‍ന്ന നടൻ ചിരഞ്‍ജീവി
തൃഷയ്‍ക്കൊപ്പമെന്ന് തെലുങ്ക് നടൻ ചിരഞ്‍ജീവി.

മൻസൂര്‍ അലി ഖാന്റെ പ്രസ്‍താവനയ്‍ക്ക് എതിരെ തെലുങ്കിലെ മുതിര്‍ന്ന നടൻ ചിരഞ്‍ജീവി. മൻസൂർ അലി ഖാൻ നടത്തിയ മോശം പരാമര്‍ശം ശ്രദ്ധയില്‍പെട്ടു. അത് ഒരു കലാകരന് മാത്രമല്ല ഏത് ഒരു സ്‍ത്രീക്കും പെണ്‍കുട്ടിക്കും അരോചകവും വെറുപ്പുളവാക്കുന്നതുമാണ്. അതിനെ നമ്മള്‍ ശക്തമായി അപലപിക്കണം. തൃഷയ്‍ക്കൊപ്പമാണ് ഞാൻ നില്‍ക്കുന്നത്, അങ്ങനെ മോശം കമന്റുകള്‍ നേരിടേണ്ടി വരുന്ന സ്‍ത്രീകള്‍ക്കുമൊപ്പവുമാണ് എന്ന് ചിരഞ്‍ജീവി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.
തൃഷ നായികയായ ലിയോയില്‍ റേപ് സീൻ ഇല്ലായിരുന്നു എന്നും ഉറപ്പായും ഒരു ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു മൻസൂര്‍ അലി ഖാൻ പറഞ്ഞിരുന്നത്. ഇതിനെതിരെ പ്രതികരിച്ച് തൃഷ തന്നെ രംഗത്ത് എത്തിയിരുന്നു. മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് ക്രൂരവും വെറുപ്പുളവാക്കുന്നതുമായി സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. സ്ത്രീവിരുദ്ധനായ ഒരാളുടേതാണ് ആ പ്രസ്‍താവന. അയാള്‍ നമ്മുടെ മനുഷ്യരാശിക്ക് അപമാനമാണ് എന്നുമാണ് തൃഷ വ്യക്തമാക്കിയത്, മൻസൂര്‍ അലി ഖാന് എതിരെ സംവിധായകൻ ലോകേഷ് കനകരാജും വിമര്‍ശനവുമായി എത്തിയിരുന്നു.
മൻസൂര്‍ അലി ഖാന് എതിരെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ ഇന്ന് കേസ് എടുത്തിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ചുമത്തി മൻസൂറിനെതരെ കേസ് എടുക്കാൻ ഡിജിപിക്ക് വനിതാ കമ്മിഷൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൻസൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ താര സംഘടനയും നടികര്‍ സംഘവും നേരത്തെ രംഗത്ത് എത്തിയിരുന്നു. മൻസൂര്‍ അലി ഖാൻ മാപ്പ് പറയണം എന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
ഞെട്ടിക്കുന്ന ഒന്നായിരുന്നു ആ പരാമര്‍ശം. മൻസൂറിന്റെ അംഗത്വം സസ്‍പെൻഡ് ചെയ്യുമെന്നും താര സംഘടന വ്യക്തമാക്കിയിരുന്നു. നടൻമാര്‍ പ്രതികരിക്കുമ്പോള്‍ ഉത്തരവാദിത്തം കാട്ടണമെന്നും താര സംഘടന വ്യക്തമാക്കി. ഖുശ്‍ബു അടക്കമുള്ളവര്‍ തൃഷയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.
Read More: ആ അപ്‍ഡേറ്റ് എത്തി, ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലെര്‍ ആവേശമാകും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക