വയനാട്ടിലേത് ഹൃദയഭേദകമായ കാഴ്ചയെന്ന് ചിരഞ്ജീവി; ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു കോടിയുടെ ചെക്ക് കൈമാറി
എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ദേശീയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ചിരഞ്ജീവി പറഞ്ഞു.
തിരുവനന്തപുരം:വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവർക്കായി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെയും മകൻ രാം ചരണിന്‍റെയും കൈത്താങ്. ഇരുവരും ചേര്‍ന്ന് നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വെച്ച് ചിരഞ്ജീവി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്.
വയനാട്ടിലേത് ഹൃദയഭേദകമായ കാഴ്ചയാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ചിരഞ്ജീവി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ദേശീയ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും ചിരഞ്ജീവി പറഞ്ഞു.
ഒട്ടനവധി സിനിമാ താരങ്ങളാണ് ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കഴിഞ്ഞത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നല്‍കുമെന്നാണ് തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ് അറിയിച്ചത്. ഈ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഒട്ടനവധി മലയാളികളാണ് പ്രിയ താരത്തിന് നന്ദി അറിയിച്ച് കൊണ്ട് രംഗത്തെത്തിയത്. നേരത്തെ പ്രളയ വേളയില്‍ ഒരു കോടി രൂപ പ്രഭാസ് കേരളത്തിന് നല്‍കിയിരുന്നു.
മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളില്‍ നടന്ന ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. അതേസമയം, തെലുങ്ക് സിനിമാ മേഖലയിൽ നിന്നും നേരത്തെ അല്ലു അർജുൻ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
മലയാള സിനിമ മേഖലയിലുള്ളവരും ഇതിനോടകം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.മമ്മൂട്ടി ഇരുപത് ലക്ഷവും ദുൽഖർ പതിനഞ്ച് ലക്ഷവും നൽകിയിരുന്നു. പിന്നീട് വേണ്ടുന്ന സഹായങ്ങൾ ചെയ്യാമെന്ന് മമ്മൂട്ടി ഉറപ്പും നൽകിയിരുന്നു. മോഹൻലാൽ ഇരുപത്തി അഞ്ച് ലക്ഷവും വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ മൂന്ന് കോടിയും സംഭാവന നൽകി. കാർത്തി, സൂര്യ, ജ്യോതിക എന്നിവർ ചേർന്ന് അൻപത് ലക്ഷം കൈമാറി. വിക്രം, കമൽഹാസൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, നസ്രിയ, നയൻതാര, വിഘ്നേശ് ശിവൻ, പേളി മാണി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങി ഒട്ടനവധി താരങ്ങളും സംഭാവന നൽകിയിട്ടുണ്ട്.