ദൃശ്യപരമായി എളുപ്പത്തില്‍ വിനിമയം ചെയ്യപ്പെട്ട ഒരു ആശയം വീണ്ടും വീണ്ടും സംവദിക്കുന്നതുപോലെയാണ് ചിത്രത്തിന്‍റെ കാഴ്ചാനുഭവമെന്നും ഇത് പ്രേക്ഷകരില്‍ പലര്‍ക്കും വിരസത ഉണ്ടാക്കിയേക്കാമെന്നും 'സ്ലാഷ് ഫിലി'മിന്‍റെ റിവ്യൂവില്‍ പറയുന്നു. 

ഹോളിവുഡില്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു ക്രിസ്റ്റഫര്‍ നോളന്‍റെ 'ടെനറ്റ്'. ലോകമെമ്പാടും ആരാധകരുള്ള സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രം. തീയേറ്റര്‍ റിലീസിന് കൊവിഡ് വെല്ലുവിളി ഉയര്‍ത്തിയപ്പോഴും തന്‍റെ ചിത്രം പ്രേക്ഷകര്‍ ബിഗ് സ്ക്രീനില്‍ തന്നെ കണ്ടാല്‍ മതി എന്ന വാശിയിലായിരുന്നു സംവിധായകന്‍. ഇപ്പോഴിതാ തീയേറ്റര്‍ റിലീസിനു മുന്‍പ് നടന്ന പ്രിവ്യൂ പ്രദര്‍ശനങ്ങളിലൂടെ ചിത്രത്തിന്‍റെ ആദ്യ നിരൂപണങ്ങള്‍ പുറത്തുവരികയാണ്. എന്നാല്‍ ഉയര്‍ത്തിയിരുന്ന അമിത പ്രതീക്ഷകള്‍ക്കൊപ്പം എത്തിയിട്ടില്ല ചിത്രം എന്നാണ് നിരൂപകമതം.

ക്രിസ്റ്റഫര്‍ നോളന്‍ സിനിമകളില്‍ സാധാരണ കാണാറുള്ള കഥപറച്ചിലിലെ നിഗൂഢതകള്‍ പുതിയ ചിത്രത്തില്‍ ഇല്ലെന്നും നേരിട്ടുള്ള നരേഷനാണ് ഉള്ളതെന്നും 'വെറൈറ്റി'യുടെ റിവ്യൂവില്‍ പറയുന്നു. അതേസമയം വളച്ചുകെട്ടില്ലാതെ കഥ പറയുമ്പോഴും അത് വമ്പന്‍ ക്യാന്‍വാസില്‍ അതീവശ്രദ്ധയോടെ ആണെന്നും. "ഫിലോസഫിയിലോ സൈക്കോളജിയിലോ അല്ല ഫിസിക്സിലാണ് നോളന്‍റെ പുതിയ ചിത്രത്തിന്‍റെ അടിസ്ഥാനം. സമയത്തിലൂടെ സഞ്ചരിക്കുന്നതിന് പകരം സമയക്രമത്തെ മറിച്ചിടുന്നതിലൂടെ നിങ്ങള്‍ക്ക് ലോകത്തെ സ്വാധീനിക്കാനാവുമെന്ന ആശയത്തിലേക്കാണ് ചിത്രം ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഈ ആശയത്തിന്‍റെ പ്രായോഗികത എന്തെന്ന് പരിശോധിക്കുകയും ചെയ്യുന്നു", 'വെറൈറ്റി'യുടെ റിവ്യൂ പറയുന്നു.

ദൃശ്യപരമായി എളുപ്പത്തില്‍ വിനിമയം ചെയ്യപ്പെട്ട ഒരു ആശയം വീണ്ടും വീണ്ടും സംവദിക്കുന്നതുപോലെയാണ് ചിത്രത്തിന്‍റെ കാഴ്ചാനുഭവമെന്നും ഇത് പ്രേക്ഷകരില്‍ പലര്‍ക്കും വിരസത ഉണ്ടാക്കിയേക്കാമെന്നും 'സ്ലാഷ് ഫിലി'മിന്‍റെ റിവ്യൂവില്‍ പറയുന്നു. കാമ്പുള്ള ഉള്ളടക്കത്തേക്കാള്‍ ബഹളങ്ങളാണ് ടെനറ്റില്‍ ഉള്ളതെന്നാണ് 'ഇന്‍ഡിവയറി'ന്‍റെ റിവ്യൂ. തീയേറ്ററിലേക്ക് എത്തുമ്പോഴുണ്ടായിരുന്ന ഊര്‍ജ്ജം ചോര്‍ന്നുപോയതുപോലെയാണ് സിനിമ തീര്‍ന്നപ്പോള്‍ അനുഭവപ്പെട്ടതെന്ന് 'ദി ഗാര്‍ഡിയന്‍' റിവ്യൂവര്‍ എഴുതുന്നു. അഭിനേതാക്കളില്‍ ജോണ്‍ ഡേവിഡ് വാഷിംഗ്‍ടണിന്‍റെ പ്രകടനത്തേക്കാള്‍ കൈയടികള്‍ നേടുന്നത് റോബര്‍ട്ട് പാറ്റിന്‍സണ്‍ ആണ്. മൈക്കള്‍ കെയ്‍നിനും ബോളിവുഡ് താരം ഡിംപിള്‍ കപാഡിയയ്ക്കും കാര്യമായൊന്നും ചെയ്യാനില്ലെന്നും കെന്നത്ത് ബ്രനയുടെ കഥാപാത്രവും പ്രകടനവും കുഴപ്പമില്ലെന്നും നിരൂപകരില്‍ ഭൂരിഭാഗവും എഴുതുന്നു. ലോകത്ത് എഴുപതിലേറെ രാജ്യങ്ങളില്‍ ഈ മാസം വിവിധ തീയ്യതികളിലായി ചിത്രം റിലീസിനെത്തും. എന്നാല്‍ ചൈന, റഷ്യ, യുഎസ് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ ആദ്യമാണ് ചിത്രം എത്തുക.