'ബീസ്റ്റ്' ഏപ്രിലില്‍ തിയറ്ററുകളിലെത്തും

'അണ്ണാത്തെ'യ്ക്കു ശേഷം രജനീകാന്ത് (Rajinikanth) നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ (Nelson Dilipkumar) എന്ന് റിപ്പോര്‍ട്ടുകള്‍. രജനീകാന്തിന്‍റെ കരിയറിലെ 169-ാം ചിത്രമായിരിക്കും (Thalaivar 169) ഇത്. ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ഡോക്ടറിന്‍റെ വന്‍ വിജയത്തോടെ തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ ശ്രദ്ധിച്ച സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍. കോലമാവ് കോകില, വരാനിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റ് എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റു രണ്ട് ചിത്രങ്ങള്‍. പിങ്ക് വില്ലയാണ് ഈ പ്രോജക്റ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ഉദ്ദേശമെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ ആറ് മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകാകാനാവുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. പേട്ടയ്ക്കും ദര്‍ബാറിനും ശേഷം അനിരുദ്ധ് സംഗീതം പകരുന്ന രജനി ചിത്രമായിരിക്കും ഇത്. 

ഹാസ്യരസപ്രധാനമായ ഒരു കഥാപാത്രത്തെയാവും രജനീകാന്ത് അവതരിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷമാവും രജനി അത്തരത്തിലുള്ള ഒരു റോളില്‍ എത്തുന്നത്. പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നും അറിയുന്നു. അതേസമയം ഈ പ്രോജക്റ്റ് കഴിഞ്ഞുള്ള തന്‍രെ 170-ാം ചിത്രത്തിനുവേണ്ടിയുള്ള ചര്‍ച്ചകളും രജനീകാന്ത് ആരംഭിച്ചിട്ടുണ്ടെന്നാണ് അറിവ്. ഒട്ടേറെ പ്രമുഖ സംവിധായകരാണ് വ്യത്യസ്‍തങ്ങളായ കഥകളുമായി സൂപ്പര്‍താരത്തെ സമീപിക്കുന്നത്.