ലോകേഷ് കനകരാജിന്‍റെ കഴിഞ്ഞ ചിത്രം ലിയോ ഹോളിവുഡ് ചിത്രമായ ഹിസ്റ്ററി ഓഫ് വയലന്‍സ് ആധാരമാക്കി എടുത്ത ചിത്രം ആയിരുന്നു. 

ചെന്നൈ: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവര്‍ 171ന്‍റെ പുതിയ അപ്ഡേറ്റ് വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഏപ്രില്‍ 22ന് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമെന്ന് ലോകേഷ് കനകരാജ് പുറത്തുവിട്ട അപ്ഡേറ്റില്‍ പറയുന്നത്. ചിത്രത്തിലെ രജനിയുടെ ഒരു ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. 

ലോകേഷ് കനകരാജിന്‍റെ കഴിഞ്ഞ ചിത്രം ലിയോ ഹോളിവുഡ് ചിത്രമായ ഹിസ്റ്ററി ഓഫ് വയലന്‍സ് ആധാരമാക്കി എടുത്ത ചിത്രം ആയിരുന്നു. അതില്‍ വിജയ് ആയിരുന്നു നായകന്‍. തലൈവര്‍ 171 ഇത്തരത്തില്‍ ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മ്മിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 

ട്രാക്ക് ടോളിവുഡ് റിപ്പോർട്ട് അനുസരിച്ച് തലൈവർ 171 2013 ലെ ഹോളിവുഡ് ചിത്രമായ പർജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എടുക്കുന്ന ചിത്രമായിരിക്കും എന്നാണ് വിവരം. അമേരിക്കൻ ഗവൺമെൻ്റ് ഒരു രാത്രി എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും അനുവാദം നല്‍കുന്നതാണ് ഈ ചിത്രത്തിന്‍റെ കഥ. അന്ന് ആര്‍ക്കും കൊള്ളയോ കൊലയോ എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്താം പൊലീസ് പോലും ഉണ്ടാകില്ല ഇതാണ് 2013 ല്‍ ഇറങ്ങിയ ചിത്രത്തില്‍ പറയുന്നത്. 

ഇത്തരമൊരു ആശയം ഇന്ത്യൻ സിനിമയിൽ ഒരിക്കലും വന്നിട്ടില്ലെന്നാണ് ഇപ്പോള്‍ തന്നെ രജനി ആരാധകരുടെ പ്രതികരണം. ഈ വാര്‍ത്ത സത്യമാണെങ്കില്‍ തീര്‍ത്തും വയലന്‍റായ ചിത്രത്തില്‍ രജനി എങ്ങനെ എന്നതാണ് പ്രേക്ഷകരെ ഇപ്പോഴെ ആകാംക്ഷയിലാക്കുന്നത്. 

അതേ സമയം എന്തായിരിക്കും ചിത്രത്തിന്‍റെ പേര് എന്ന ചര്‍ച്ച സജീവമായി നടക്കുന്നുണ്ട്. അതിനിടയിലാണ് ചില തമിഴ് മാധ്യമങ്ങളില്‍ തലൈവര്‍ 171ന്‍റെ പേരായി പരിഗണിക്കുന്നവ എന്ന പേരില്‍ ചില പ്രചരണങ്ങള്‍ നടക്കുന്നത്. അതില്‍ ഒന്ന് കഴുകന്‍ എന്നതാണ്. നേരത്തെ ജയിലര്‍ ഓഡിയോ ലോഞ്ചില്‍ രജനി നടത്തിയ കഴുകന്‍ കാക്ക പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇത് വിജയിയെ ഉദ്ദേശിച്ചാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ പിന്നീട് ലാല്‍ സലാം ഓഡിയോ ലോഞ്ചില്‍ താന്‍ ആരെയും ഉദ്ദേശിച്ചില്ലെന്ന് രജനി പറഞ്ഞിരുന്നു. അതേ സമയം കഴുകന്‍ എന്ന പേര് ലോകേഷിന്‍റെ പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ അന്തിമമായി രജനിയുടെ താല്‍പ്പര്യം ആയിരിക്കും പേര് എന്നാണ് വിവരം. അതേ സമയം ദളപതി എന്ന പേരും ലോകേഷിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ മുന്‍പ് മണിരത്നം പടം ഈ പേരില്‍ ഉള്ളതിനാല്‍ ഇത് നടക്കുമോ എന്ന് വ്യക്തമല്ലെന്നാണ് റിപ്പോര്‍ട്ട്. 

ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം രജനികാന്തിന്‍റെ കരിയറിലെ 171-ാം ചിത്രവുമാണ്. ഇത് തന്‍റെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി വരുന്ന ചിത്രമല്ലെന്നും മറിച്ച് ഒരു സ്റ്റാന്‍ഡ്എലോണ്‍ ചിത്രമായിരിക്കുമെന്നം ലോകേഷ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. 

ഇന്ത്യൻ 2 റിലീസ് പ്രഖ്യാപനം; വമ്പന്‍ അപ്ഡേറ്റ് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

സ്പോട്ട് എവിക്ഷനിൽ ജിന്റോയും ഗബ്രിയും പുറത്തേക്കോ, മോഹന്‍ലാലിന്‍റെ തീരുമാനം? ; പ്രമോ പുറത്ത്.!