എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്

തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം ആരാധകരുള്ള നടനാര് എന്ന ചോദ്യത്തിന് ആദ്യമെത്തുന്ന പേരുകളിലൊന്നാണ് വിജയ്. സമീപകാല തമിഴ് സിനിമയില്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും മിനിമം ഗ്യാരന്‍റി നല്‍കുന്നതും വിജയ് തന്നെ. കരിയറിലെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞ ചിത്രം ലിയോയിലൂടെ വിജയ് സ്വന്തമാക്കിയത്. 2023 ലെ ഏറ്റവും വലിയ തമിഴ് ഹിറ്റും ഇതുതന്നെ. ഇപ്പോഴിതാ വിജയ് ആരാധകരെ ആവേശഭരിതരാക്കുന്ന ഒരു പുതുവര്‍ഷ സമ്മാനം എത്തുകയാണ്. ലിയോയ്ക്ക് ശേഷമുള്ള വിജയ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ആണ് അത്.

ദളപതി 68 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് വൈകിട്ട് 6 മണിക്ക് എത്തുമെന്ന് നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് അറിയിച്ചിരിക്കുകയാണ്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആയതിനാല്‍ത്തന്നെ ഈ പ്രോജക്റ്റിന്മേലുള്ള പ്രേക്ഷക പ്രതീക്ഷയും വലുതാണ്. ഫസ്റ്റ് ലുക്കിനൊപ്പം ചിത്രത്തിന്‍റെ ടൈറ്റിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Scroll to load tweet…

മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ 2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയിലാണ് ഇതിനുമുന്‍പ് വിജയിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. അതേസമയം ലിയോയുടെ വന്‍ വിജയത്തിന് ശേഷമുള്ള വിജയ് ചിത്രമെന്ന നിലയിലും കോളിവുഡ് നിലവില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ് ദളപതി 68. തമിഴ് സിനിമയില്‍ വലിയ ആരാധകവൃന്ദമുള്ള സംവിധായകനാണ് വെങ്കട് പ്രഭു. ചിത്രത്തിന്‍റെ പേര് എന്തായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ALSO READ : കേരളത്തിന് പുറത്ത് ഓളമുണ്ടാക്കിയോ മോഹന്‍ലാല്‍? 'നേരി'ന്‍റെ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ഉത്തരേന്ത്യ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം