വിജയ്‍യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു.

പരസ്യവാചകത്തില്‍ പറഞ്ഞതുപോലെയായിരുന്നു വിജയ് നായകനായ മാസ്റ്റര്‍ എന്ന സിനിമയുടെ വിജയം. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത മാസ്റ്റര്‍ സിനിമ മേഖലയ്‍ക്കുള്ള കൊവിഡ് വാക്സിനായി മാറി. കൊവിഡ് കാരണമായിരുന്നു സിനിമ റിലീസിന് വൈകിയത്. എന്നാല്‍ റിലീസ് ചെയ്‍തപ്പോള്‍ തിയറ്ററുകളില്‍ ആളുകളെ നിറയ്‍ക്കാൻ മാസ്റ്റര്‍ സിനിമയ്‍ക്കായി. സിനിമ കണ്ടതിന്റെ ഫോട്ടോകള്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ ലോകേഷ് കനകരാജും വിജയ്‍യും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

വിജയ് ചിത്രം ഇതുവരെയായി 250 കോടി രൂപയോളമാണ് ബോക്സ് ഓഫീസില്‍ നിന്ന് കളക്റ്റ് ചെയ്‍തത്. ഇപോഴിതാ വിജയ്‍യുടെ വസതിയില്‍ ചെന്ന് ലോകേഷ് കനകരാജ് കഥ പറഞ്ഞുവെന്നാണ് വാര്‍ത്തകള്‍. കഥയില്‍ താല്‍പര്യം തോന്നിയ വിജയ് വീണ്ടും സിനിമയ്‍ക്കായി ഒന്നിക്കാൻ സമ്മതം അറിയിച്ചുവെന്നുമാണ് വാര്‍ത്ത. എന്തായാലും ഇരുവരും വീണ്ടും ഒന്നിച്ചാല്‍ അതും ഹിറ്റായി മാറും. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. മാസ്റ്ററില്‍ നായിക മലയാളി താരം മാളവിക മോഹനൻ ആയിരുന്നു.

വിജയ്‍യുടെ അഭിനയം തന്നെയായിരുന്നു മാസ്റ്റര്‍ സിനിമയുടെ പ്രധാന ആകര്‍ഷണം.

ലോകേഷ് കനകരാജിന്റെ തിരക്കഥയും സംവിധാനവും മാസ്റ്റര്‍ സിനിമയുടെ വിജയത്തിന്റെ ഘടകങ്ങളായി.