'ജേസണ്‍ സഞ്ജയ് 1' എന്നാണ് ചിത്രത്തില്‍ താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരമായ വിജയ്‍യുടെ മകന്‍ ജേസണ്‍ സഞ്ജയ്‍യുടെ സിനിമാ അരങ്ങേറ്റം സംവിധായകന്‍ എന്ന നിലയ്ക്കാണ്. സുന്ദീപ് കിഷനാണ് ജേസണ്‍ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകന്‍. പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് തമന്‍ എസ് ആണ്. ചിത്രത്തിന്‍റെ ഒരു പ്രൊമോഷണല്‍ മെറ്റീരിയല്‍ അണിയറക്കാര്‍ ഇന്ന് പുറത്തുവിട്ടു. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുന്ദീപ് കിഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അവതരിപ്പിച്ചിരിക്കുന്ന ഒരു ലൊക്കേഷന്‍ വീഡിയോ ആണ് ഇത്. ക്യാമറയ്ക്ക് പിന്നില്‍ സാകൂതം ഇരിക്കുന്ന, ഗൗരവപൂര്‍വ്വം ക്രൂവിനും അഭിനേതാക്കള്‍ക്കും നിര്‍ദേശം നല്‍കുന്ന ജേസണ്‍ സഞ്‍ജയ്‍യെ വീഡിയോയില്‍ കാണാം. 

ജേസണ്‍ സഞ്ജയ് 1 എന്നാണ് ചിത്രത്തില്‍ താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ്. കോ ഡയറക്ടര്‍ സഞ്ജീവ്, ഛായാഗ്രഹണം കൃഷ്ണന്‍ വസന്ത്, പബ്ലിസിറ്റി ഡിസൈന്‍ ട്യൂണി ജോണ്‍, വിഎഫ്എക്സ് ഹരിഹരസുതന്‍, പിആര്‍ഒ സുരേഷ് ചന്ദ്ര. 

അതേസമയം വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ചതിന് ശേഷമാണ് ജേസണ്‍ ആദ്യ ചിത്രവുമായി എത്താന്‍ ഒരുങ്ങുന്നത്. ടൊറന്‍റോ ഫിലിം സ്കൂളില്‍ നിന്ന് 2020 ല്‍ ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ജേസണ്‍ പിന്നീട് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും ചെയ്തു. വിജയ്‍യുടെ മകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ തമിഴ് സിനിമാപ്രേമികളുടെ ശ്രദ്ധ ഇതിനകം നേടിയിട്ടുണ്ട് ചിത്രം. 

ജേസണിനെ നായകനാക്കി മുന്‍പ് പലരും സിനിമകള്‍ ആലോചിച്ചിരുന്നു. തന്‍റെ മകനെ നായകനാക്കി സിനിമയൊരുക്കാന്‍ കഥ പറഞ്ഞവരില്‍ അല്‍ഫോന്‍സ് പുത്രനും ഉണ്ടെന്ന് വിജയ് ഒരിക്കല്‍ പറഞ്ഞിരുന്നു- "അക്കൂട്ടത്തില്‍ രസകരമായ ഒരു കഥ പറഞ്ഞത് പ്രേമം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ആണ്. അല്‍ഫോന്‍സ് ഒരിക്കല്‍ എന്നെ കാണണമെന്ന ആവശ്യവുമായി സമീപിച്ചു. ഞാന്‍ സമ്മതം മൂളി, നമുക്കുള്ള ഒരു നല്ല സിനിമയാണോ എന്ന് പറയാനാവില്ലല്ലോ. പക്ഷേ അത് എന്‍റെ മകനെ മനസില്‍ കണ്ടുള്ള കഥയാണെന്നാണ് വന്നപ്പോള്‍ അല്‍ഫോന്‍സ് പറഞ്ഞത്. ഒരു നല്ല ആശയം ആയിരുന്നു അത്. അയല്‍വീട്ടിലെ പയ്യന്‍ എന്ന് തോന്നിപ്പിക്കുന്ന നായക കഥാപാത്രം. സഞ്ജയ് അത് ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്കും ആഗ്രഹം തോന്നി. ഞാന്‍ അവനോട് പറഞ്ഞു. അപ്പോഴാണ് അവന്‍ ഈ രണ്ട് വര്‍ഷത്തിന്‍റെ കാര്യം പറഞ്ഞത്. സാറിനോട് പറയൂ, ഒരു രണ്ട് വര്‍ഷം കഴിയട്ടെ എന്ന്. അവന്‍ എന്ത് തീരുമാനം എടുത്താലും സന്തോഷം", വിജയ് പറഞ്ഞിരുന്നു.

Happy Birthday Sundeep Kishan | Jason Sanjay 01 | Thaman S | Subaskaran | Lyca Productions