ദ ഗോട്ടില്‍ വിജയ്‍ രണ്ട് കഥാപാത്രങ്ങളായി എത്തും. 

ഡാൻസും പാട്ടും വിജയ് നായകനാകുന്ന ചിത്രങ്ങളുടെ ആകര്‍ഷണങ്ങളാകാറുണ്ട്. റിലീസിനു മുന്നേ ദളപതി വിജയ്‍യുടെ ചിത്രങ്ങളിലെ ഗാനങ്ങള്‍ വൻ ഹിറ്റായി മാറാറുണ്ട്. അതിനാല്‍ വിജയ്‍യുടെ ഓരോ പുതിയ ചിത്രവും പ്രഖ്യാപിക്കുമ്പോള്‍ അതിലെ ഗാനങ്ങളുടെ റൈറ്റ്‍സ് നേടാൻ കമ്പനികള്‍ രംഗത്ത് എത്താറുണ്ട്. വിജയ് നായകനായി വേഷമിടുന്ന ചിത്രം ദ ഗോട്ടിലെ ഗാനങ്ങളുടെ റൈറ്റ്‍സിന് വൻ തുകയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദ ഗോട്ടിന് ആകെ 28 കോടി രൂപയാണ് ഗാനങ്ങളുടെ റൈറ്റ്‍സ് ഇനത്തില്‍ ലഭിച്ചത് എന്നത് ട്രേഡ് അനലിസ്റ്റുകളായ ബോക്സ് ഓഫ് സൗത്ത് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോളിവുഡിലെ ഉയര്‍ന്ന തുകയാണ് വിജയ് ചിത്രത്തിന് ലഭിച്ചത് എന്നും വ്യക്തമാക്കുന്ന ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ ഏത് കമ്പനിയാണ് ഗാനത്തിന്റെ റൈറ്റ്‍സ് സ്വന്തമാക്കിയത് എന്ന് വെളിപ്പെടുത്തിയിട്ടില്ല. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ദ ഗോട്ടിന് പുതിയ റിപ്പോര്‍ട്ടും വലിയ ഹൈപ്പ് സൃഷ്‍ടിച്ചിരിക്കുകയാണ്. സംവിധാനം നിര്‍വഹിക്കുന്നത് വെങ്കട് പ്രഭുവാണ്.

രണ്ടു വേഷത്തിലാണ് ദളപതി വിജയ് ദ ഗോട്ടില്‍ എത്തുന്നത്. മകനും അച്ഛനുമായിട്ടായിരിക്കും പുതിയ ചിത്രത്തില്‍ താരം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി എജിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് താരത്തെ പ്രായം കുറഞ്ഞ ലുക്കില്‍ എത്തിക്കുക. വലിയ തുക ചെലവഴിച്ചാണ് നിര്‍മാതാക്കള്‍ താരത്തെ പ്രായം കുറഞ്ഞ ലുക്കില്‍ എത്തിക്കുന്നത്. ദ ഗോട്ടിലെ വിജയ്‍യുടെ രണ്ട് കഥാപാത്രങ്ങളില്‍ ഒന്ന് നെഗറ്റീവ് ഷെയ്‍ഡുള്ളതാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലയാള നടൻ ജയറാമും വിജയ് ചിത്രത്തില്‍ നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. കഥ രഹസ്യമായി സൂക്ഷിച്ചാണ് വിജയ് ചിത്രത്തിന്റെ ചിത്രീകരണം നടത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥയാണ് നിര്‍വഹിക്കുന്നത്. സംഗീതം യുവൻ ശങ്കര്‍ രാജയാണ്.

Read More: വാലിബനെ വീഴ്‍ത്താനായില്ല, ഓപ്പണിംഗില്‍ പിന്നിലായത് ആരൊക്കെ?, ഭ്രമിപ്പിച്ച് മഞ്ഞുമ്മല്‍ ബോയ്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക