Asianet News MalayalamAsianet News Malayalam

അജിത്തിന്‍റെ അച്ഛന്‍റെ വിയോഗം; അന്തിമോപചാരം അര്‍പ്പിക്കാനെത്തി വിജയ്

ഇന്ന് പുലര്‍ച്ചെ ആയിരുന്നു അജിത്തിന്‍റെ അച്ഛന്‍റെ മരണം

thalapathy vijay visits ajith kumar chennai home to offer condolence ps mani nsn
Author
First Published Mar 24, 2023, 4:03 PM IST

തമിഴ് ചലച്ചിത്ര താരം അജിത്ത് കുമാറിന്‍റെ അച്ഛന്‍ പി എസ് മണിയുടെ വിയോഗം ഇന്നായിരുന്നു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. 85 വയസ് ആയിരുന്നു. തമിഴ് സിനിമാ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ നിരവധിപേര്‍ അജിത്തിന്‍റെ ചെന്നൈയിലെ വസതിയില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. തമിഴ് സൂപ്പര്‍താരം വിജയ്‍യും ആദരാഞ്ജലികളുമായി എത്തി.

ക്യാമറയ്ക്ക് കര്‍ശന നിയന്ത്രണമുള്ള സ്ഥലത്തെ വിജയ്‍യുടെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും അദ്ദേഹം കാറില്‍ അജിത്തിന്‍റെ വീട്ടിലേക്ക് എത്തുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്. തമിഴില്‍ ഏകദേശം ഒരേ താരമൂല്യത്തോടെ സമകാലികരായി തുടരുന്നവരാണ് അജിത്ത് കുമാറും വിജയ്‍യും. അതേസമയം അച്ഛന്‍റെ മരണ വിവരം അറിയിച്ചും അദ്ദേഹത്തെ ചികിത്സിച്ചവര്‍ക്കും വിയോഗവേളയില്‍ തങ്ങളെ ആശ്വസിപ്പിച്ചവര്‍ക്കും നന്ദി അറിയിച്ച് അജിത്തും സഹോദരങ്ങളം ചേര്‍ന്ന് ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു. മരണാനന്തര ചടങ്ങുകളില്‍ സ്വകാര്യതയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിനെ എല്ലാവരും മാനിക്കുമെന്നാണ് കരുതുന്നതെന്നും കുറിപ്പില്‍ ഉണ്ടായിരുന്നു. 

 

പാലക്കാട് സ്വദേശിയാണ് പി എസ് മണി. കൊല്‍ക്കത്ത സ്വദേശി മോഹിനിയാണ് പി എസ് മണിയുടെ ഭാര്യ. അനൂപ് കുമാര്‍, അനില്‍ കുമാര്‍ എന്നിവരാണ് അജിത്തിന്‍റെ സഹോദരങ്ങള്‍. ഉറക്കത്തിലായിരുന്നു അച്ഛന്‍റെ മരണം സംഭവിച്ചതെന്ന് മക്കള്‍ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

 

തുനിവ് ആണ് അവസാനമായി തിയറ്ററുകളിലെത്തിയ അജിത്ത് കുമാര്‍ ചിത്രം. പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക. എച്ച് വിനോദ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ഹെയ്സ്റ്റ് വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. സീ സ്റ്റുഡിയോസിന്‍റെ സഹകരണത്തോടെ ബേ വ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. 

ALSO READ : 50-ാം ദിവസവും കേരളത്തിലെ 107 തിയറ്ററുകളില്‍! 'രോമാഞ്ചം' ഇതുവരെ നേടിയത്

Follow Us:
Download App:
  • android
  • ios