Asianet News MalayalamAsianet News Malayalam

യുഎസില്‍ നിന്നെത്തി വിജയ്, ആദ്യം എത്തിയത് ആശുപത്രിയിലുള്ള അച്ഛനെ കാണാന്‍

തങ്ങള്‍ക്കിടയിലുള്ള ബന്ധത്തില്‍ നിലവില്‍ വിള്ളലുകളില്ലെന്ന് ചന്ദ്രശേഖര്‍ സമീപകാലത്ത് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു

thalapathy vijay visits father sa chandrasekhar at hospital photo went viral leo movie nsn
Author
First Published Sep 14, 2023, 9:58 AM IST

തമിഴ് സൂപ്പര്‍താരം വിജയിയും അച്ഛന്‍ എസ് എ ചന്ദ്രശേഖരും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ഏറെക്കാലമായി വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. വിജയ് ആരാധക സംഘത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപത്തിലേക്ക് മാറ്റാനുള്ള ചന്ദ്രശേഖറിന്‍റെ ശ്രമങ്ങള്‍ വിജയ് എതിര്‍ത്തതില്‍ നിന്നാണ് ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയതെന്നായിരുന്നു നേരത്തേ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. അച്ഛനും മകനുമിടയിലുള്ള അകല്‍ച്ചയെക്കുറിച്ച് വിജയിയുടെ അമ്മ ശോഭയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കിടയിലുള്ള ബന്ധത്തില്‍ നിലവില്‍ വിള്ളലുകളില്ലെന്ന് ചന്ദ്രശേഖര്‍ സമീപകാലത്ത് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചന്ദ്രശേഖറിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന വിജയിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

കഴിഞ്ഞ ദിവസം ഒരു ലഘു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു ചന്ദ്രശേഖര്‍. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി യുഎസില്‍ ആയിരുന്ന വിജയ് ചെന്നൈയില്‍ എത്തിയ ഉടന്‍ നേരെ പോയത് ആശുപത്രിയിലേക്കാണ്. ആശുപത്രി മുറിയില്‍ അച്ഛനും അമ്മ ശോഭയ്ക്കുമൊപ്പം ഇരിക്കുന്ന വിജയിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അച്ഛനുമായി കടുത്ത അകല്‍ച്ചയിലാണെന്ന് ഇപ്പോഴും തുടരുന്ന പ്രചരണങ്ങള്‍ക്കുള്ള വിജയിയുടെ മറുപടി എന്ന നിലയ്ക്കാണ് വിജയ് ആരാധകര്‍ ഈ ചിത്രം ഷെയര്‍ ചെയ്യുന്നത്.

 

അതേസമയം ലിയോ ആണ് വിജയിയുടെ പുതിയ റിലീസ്. വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ് സിനിമയില്‍ സമീപകാലത്ത് ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രവുമാണ് ലിയോ. ഒക്ടോബര്‍ 19 നാണ് ചിത്രത്തിന്‍റെ റിലീസ്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൌതം വസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 

ALSO READ : കളക്ഷനില്‍ വീണ്ടും ഇടിവ്, ബോക്സ് ഓഫീസില്‍ പത്തി മടക്കുന്നോ 'ജവാന്‍'? 6 ദിവസത്തെ ഒഫിഷ്യല്‍ കളക്ഷന്‍

WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ

Follow Us:
Download App:
  • android
  • ios