ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയയായ സിനി സ്കറിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തലയണ’

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും മെയിൻ സ്ട്രീം സിനിമകൾക്ക് കഴിയും. സിനിമയെ ഗൗരവമായി കാണുന്ന സിനി സ്കറിയ എന്ന വനിത തൻ്റെ തലയണ എന്ന ചിത്രത്തിലൂടെ മനുഷ്യജീവിതത്തിലെ നഷ്ടപ്പെട്ടു പോകുന്ന മൂല്യങ്ങളുടേയും ബന്ധങ്ങളുടേയും കഥ പറയുകയാണ്. ഷോർട്ട് ഫിലിമുകളിലൂടെയും ടെലിഫിലിമുകളിലൂടെയും പ്രവർത്തിച്ചുകൊണ്ടാണ് സിനി സ്‌കറിയ ഇപ്പോൾ മുഖ്യധാരാ സിനിമയിൽ എത്തിയിരിക്കുന്നത്. സിനി തന്നെയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.

ആലപ്പി ടാക്കീസ് ഈ ചിത്രം നിർമ്മിക്കുന്നു. കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥയാണ് ഈ ചിത്രത്തിലൂടെ സിനി പറയുന്നത്. ഒരു കുടുംബത്തിലെ മൂന്ന് തലമുറകളിലൂടെയാണ് കഥാ വികസനം. മൂന്ന് തലമുറക്കാരുടെ ഇടയിലെ ആത്മബന്ധം, സ്നേഹം, സ്വാർത്ഥ മോഹങ്ങൾ ഇതെല്ലാം ഇഴചേർത്ത് ഹൃദയസ്പർശിയായ ഒരു ചിത്രം ഒരുക്കുന്നു സിനി സ്‌കറിയ. ഈ ചിത്രത്തിലെ അഭിനേതാക്കൾ താരതമ്യേന പുതുമുഖങ്ങളാണങ്കിലും, ഇവരെല്ലാം കലയുടെ വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചു വരുന്നവരാണ്. മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഹരിപ്പാട് ബ്രഹ്മൻ, പ്രണയ വിലാസം പരമ്പരയിലൂടെ ശ്രദ്ധേയയായ ദുർഗ ഹരിപ്പാട്, നിരവധി ടെലിഫിലിമുകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച പൊന്നു കോട്ടയം എന്നിവർ ഏറെ പ്രശസ്‌തി നേടിയവരാണ്.

സുനിൽ സി പി, ശശി പള്ളാത്തുരുത്തി, പ്രണവം ഉണ്ണികൃഷ്ണൻ, റിസ മരിയ സിറിൾ, ജനീഷ് കുട്ടനാട്, ആൻ്റണി ആപ്പിച്ചേരി, ആലപ്പി ജോൺസൺ, അനിൽ വിളവനാൽ, ബിജു മാങ്ങാട്, മെറിൻ ഫോർട്ട് കൊച്ചി, ജയിംസ് കിടങ്ങറ, രതീഷ് ശശിധരൻ, മാണിക്യൻ, മനോഹരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം വി ജി റുഡോൾഫ്, ഛായാഗ്രഹണം എഡിറ്റിംഗ് സിറിൾ ജോർജ്, പ്രൊഡക്‌ഷൻ കൺട്രോളർ ജനീഷ് കെ ടി ഡി. ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. പിആര്‍ഒ വാഴൂർ ജോസ്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming