Asianet News MalayalamAsianet News Malayalam

തിയറ്ററുകളിലെ ഓണപ്പരീക്ഷയും പാസ്സായി 'രാജീവനും വസിമും'; അഞ്ചാം വാരത്തിലും പ്രേക്ഷകരെ നേടി ചിത്രങ്ങള്‍

ഒടിടി റിലീസിനു ശേഷവും ചാക്കോച്ചന്‍ ചിത്രം തിയറ്ററുകളില്‍

thallumaala and nna thaan case kodu enters into 5th week in theatres kunchacko boban tovino thomas
Author
First Published Sep 9, 2022, 5:53 PM IST

ബിഗ് ബജറ്റ് ഇതരഭാഷാ ചിത്രങ്ങള്‍ തിയറ്ററുകളില്‍ ആളെക്കൂട്ടുമ്പോള്‍ മലയാള ചിത്രങ്ങള്‍ ആളില്ല എന്ന ആശങ്കയ്ക്കും ചര്‍ച്ചകള്‍ക്കുമിടയിലാണ് ആ തോന്നല്‍ തിരുത്തിക്കുറിച്ച് രണ്ട് ചിത്രങ്ങള്‍ എത്തിയത്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്‍ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രവും ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത തല്ലുമാലയുമാണ് ആ ചിത്രങ്ങള്‍. ഇതില്‍ ന്നാ താന്‍ കേസ് കൊട് ഓഗസ്റ്റ് 11നും തല്ലുമാല 12നുമാണ് തിയറ്ററുകളില്‍ എത്തിയത്. ഓണം റിലീസുകള്‍ എത്തിയിട്ടും അഞ്ചാം വാരത്തിലും തിയറ്ററുകളില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശനം തുടരുകയാണ്.

മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം അഡ്വാന്‍സ് ബുക്കിംഗ് നേടിയ ചിത്രമായിരുന്നു തല്ലുമാല. യുവപ്രേക്ഷകര്‍ ആദ്യ ദിനങ്ങളില്‍ കൂട്ടമായെത്തിയ ചിത്രത്തിന് ഒട്ടേറെ റിപ്പീറ്റ് ഓഡിയന്‍സിനെയും ലഭിച്ചു. എല്ലാത്തരത്തിലുള്ള വരുമാന മാര്‍ഗ്ഗങ്ങളും ചേര്‍ത്ത് ന്നാ താന്‍ കേസ് കൊട് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. മൂന്നാം വാരത്തില്‍ 170 സ്ക്രീനുകളും നാലാം വാരത്തില്‍ 155 സ്ക്രീനുകളുമാണ് ചാക്കോച്ചന്‍ നായകനായ ചിത്രത്തിന് ഉണ്ടായിരുന്നത്. ഓണം റിലീസുകള്‍ക്കിടയിലും കേരളത്തില്‍ 29 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിനിടെ ചിത്രത്തിന്‍റെ ഒടിടി റിലീസും സംഭവിച്ചു എന്നതാണ് കൌതുകകരം. തിരുവോണ ദിനത്തില്‍ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.

thallumaala and nna thaan case kodu enters into 5th week in theatres kunchacko boban tovino thomas

 

അതേസമയം തല്ലുമാലയുടെ ഒരു മാസത്തെ ആഗോള ഗ്രോസ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. 71.36 കോടി ആയിരുന്നു സംഖ്യ.  മൂന്നാം വാരം കേരളത്തില്‍ 164 സ്ക്രീനുകളിലും നാലാം വാരത്തില്‍ 110 സ്ക്രീനുകളിലുമാണ് തല്ലുമാല പ്രദര്‍ശിപ്പിച്ചത്. അഞ്ചാം വാരത്തിലെ സ്ക്രീന്‍ കൌണ്ട് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും കേരളത്തിലെ പ്രധാന സെന്‍ററുകളിലെല്ലാം ചിത്രത്തിന് പ്രദര്‍ശനവും കാണികളുമുണ്ട്. അതേസമയം ഒരു മാസത്തെ തിയറ്റര്‍ പ്രദര്‍ശനത്തിനു പിന്നാലെ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയുമാണ്. സെപ്റ്റംബര്‍ 11ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിം​ഗ് ആരംഭിക്കുക.

ALSO READ : ഗദയേന്തി ഉര്‍വ്വശി; 'ചാള്‍സ് എന്‍റര്‍പ്രൈസസ്' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി

Follow Us:
Download App:
  • android
  • ios