വ്യക്തിപരമായ അധിക്ഷേപവും ബോഡി ഷെയ്മിങ്ങും ഉൾപ്പെടെ നടത്തിയായിരുന്നു സ്നേഹക്കെതിരെ സത്യഭാമ പ്രതികരിച്ചത്.

നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും വ്യക്തിഹത്യ ചെയ്തും കൊണ്ട് കലാമണ്ഡലം സത്യഭാമ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകൾ വലിയ വിവാദമായിരുന്നു. മുൻപ് നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്‍ണനുമായി ബന്ധപ്പെട്ട് സത്യഭാമ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ സ്‌നേഹ പ്രതികരിച്ചിരുന്നു. ആര്‍എല്‍വി രാമകൃഷ്‍ണനെ പിന്തുണച്ചും സത്യഭാമയെ വിമര്‍ശിച്ചുമായിരുന്നു സ്‌നേഹയുടെ പ്രതികരണം. ഇതിനുള്ള മറുപടിയായിരുന്നു സത്യഭാമയുടെ ഫെയ്സ്ബുക്ക് വീഡിയോ.

വ്യക്തിപരമായ അധിക്ഷേപവും ബോഡി ഷെയ്മിങ്ങും ഉൾപ്പെടെ നടത്തിയാണ് സ്നേഹക്കെതിരെ സത്യഭാമ പ്രതികരിച്ചത്. 'പിണ്ഡോദരി മോളെ' എന്ന് സ്നേഹയെ വിശേഷിപ്പിച്ച സത്യഭാമ, സ്നേഹയുടെ ഭർത്താവ് ശ്രീകുമാർ കേസിൽപെട്ടതിനെ പരിഹസിക്കുകയും പൊതുവേദിയിൽ വച്ച് കാണുമ്പോൾ ഇതിന് മറുപടി നൽകുമെന്നു ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പിന്നാലെ സ്നേഹയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. സ്നേഹ പങ്കുവെച്ച പുതിയ പോസ്റ്റിനു താഴെയും താരത്തെ പിന്തുണച്ചും സത്യഭാമയെ വിമർശിച്ചും കൊണ്ടുള്ള നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

'മറിമായം' പരമ്പരയിലെ തന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രമാണ് 'പൊന്നുംപുറത്തെ മണ്ഡോദരിയമ്മ' എന്ന കുറിപ്പോടെ സ്നേഹ പങ്കുവച്ചത്. ''ഈ മണ്ഡോദരിയെ ഞങ്ങൾക്ക് ഇഷ്ടമാണ്'' എന്നാണ് പോസ്റ്റിനു താഴെ പലരും പ്രതികരിക്കുന്നത്. സ്നേഹയുടെ കൂടെ എന്നും ഉണ്ടാകു''മെന്നും സത്യഭാമക്കുള്ള മറുപടി മറിമായത്തിലൂടെ തന്നെ കൊടുക്കണമെന്നും ചിലർ കുറിച്ചിട്ടുണ്ട്. ''ഇവരെപ്പോലെ അഭിനയിക്കാൻ സത്യ ഭാമ നൂറു ജന്മം എടുക്കണം'' എന്നാണ് മറ്റൊരു കമന്റ്. ''സ്നേഹ നിങ്ങൾ ശരിക്കും ഒരു അനുഗ്രഹിത കലാകാരിയാണ്, ഈ ചത്തഭാമകളെ മറന്നേക്കു, സ്നേഹയും ശ്രീകുമാറും കേരളത്തിന്റെ ഹൃദയത്തിലുണ്ട്'', എന്നാണ് സ്നേഹയുടെ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ട മറ്റൊരു കമന്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക