എല്ലാം റെഡി, പക്ഷേ! റിലീസിന് മുന്‍പ് അപ്രതീക്ഷിത പ്രതിസന്ധി നേരിട്ട് 'തങ്കലാന്‍', 'കങ്കുവ'
ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
തമിഴ് സിനിമയില്‍ നിന്നെത്തുന്ന രണ്ട് ശ്രദ്ധേയ ചിത്രങ്ങളുടെ റിലീസിന് മുന്‍പ് നിര്‍മ്മാതാവിന് മുന്നില്‍ ഒരു അപ്രതീക്ഷിത പ്രതിസന്ധി. വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍, സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്നീ ചിത്രങ്ങളുടെ പ്രധാന നിര്‍മ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനിന്‍റെ ഉടമ കെ ഇ ജ്ഞാനവേല്‍ രാജയോടാണ് മദ്രാസ് ഹൈക്കോടതി ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളുടെയും റിലീസിന് മുന്നോടിയായി ഒരു കോടി രൂപ വീതം കെട്ടിവെക്കണം എന്നതാണ് അത്.
മുന്‍പ് പാപ്പരായി പ്രഖ്യാപിക്കപ്പെടുകയും മരണപ്പെടുകയും ചെയ്ത അര്‍ജുന്‍ലാല്‍ സുന്ദര്‍ദാസ് എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായി ബന്ധപ്പെട്ട ഒരു കരാറിനെച്ചൊല്ലിയുടെ നിയമ വ്യവഹാരങ്ങളാണ് ഇത്. 2014 ലാണ് സുന്ദര്‍ദാസ് പാപ്പരായി പ്രഖ്യാപിക്കപ്പെട്ടത്. ഇയാള്‍ പണം കൊടുക്കാനും ഇയാള്‍ക്ക് മടക്കി നല്‍കാനുമുള്ളവരുടെ ലിസ്റ്റും തുകയും മനസിലാക്കാനായി മദ്രാസ് ഹൈക്കോടതി ഒരാളെ ചുമതലപ്പെടുത്തിയിരുന്നു. സ്റ്റുഡിയോ ഗ്രീനിന്‍റെ കെ ഇ ജ്ഞാനവേല്‍ രാജ 10.35 കോടി സുന്ദര്‍ദാസിന് നല്‍കാനുണ്ടെന്ന് രേഖകളില്‍ നിന്ന് മനസിലാക്കിയ ചുമതലക്കാരന്‍ അത് തിരിച്ച് ഈടാക്കി നല്‍കാനായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പണം നല്‍കുന്നതിന് പകരം തങ്ങള്‍ക്കിടയില്‍ മറ്റൊരു കരാര്‍ ഉണ്ടെന്ന് കോടതിയില്‍ വാദിക്കുകയാണ് കെ ഇ ജ്ഞാനവേല്‍ രാജ ചെയ്തത്.
40 കോടി വീതം മുടക്കി ഒരു തമിഴ് ചിത്രം നിര്‍മ്മിക്കാനുള്ള കരാര്‍ ആണ് താനും സുന്ദര്‍ദാസും തമ്മില്‍ ഉണ്ടായിരുന്നതെന്നാണ് ജ്ഞാനവേല്‍ രാജ കോടതിയെ അറിയിച്ചത്. പ്രസ്തുത സിനിമയുടെ പ്രീ പ്രൊഡക്ഷനുവേണ്ടി സുന്ദര്‍ദാസ് പണം നല്‍കിയെങ്കിലും ബാക്കിയുള്ള തുക നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും ജ്ഞാനവേല്‍ രാജ പറയുന്നു. നല്‍കിയ പണത്തിനുള്ള പ്രതിഫലമെന്ന നിലയില്‍ മൂന്ന് തമിഴ് ചിത്രങ്ങളുടെ ഹിന്ദി റീമേക്ക് അവകാശം സുന്ദര്‍ദാസിന് നല്‍കാന്‍ ധാരണയായെന്നും. ഓള്‍ ഇന്‍ ഓള്‍ അഴകുരാജ, ബിരിയാണി, മദ്രാസ് എന്നിവയാണ് ആ ചിത്രങ്ങളെന്നും സ്റ്റുഡിയോ ഗ്രീന്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ സുന്ദര്‍ദാസുമായി കരാറില്‍ ഏര്‍പ്പെട്ടുവെന്ന് സമ്മതിച്ചുവെങ്കിലും ഹിന്ദി റീമേക്ക് റൈറ്റ്സ് പകരം നല്‍കി ബാധ്യത ഒഴിവാക്കിയെന്ന വാദം കോടതിയില്‍ തെളിയിക്കാന്‍ ജ്ഞാനവേല്‍ രാജയ്ക്ക് സാധിച്ചില്ല. സ്റ്റുഡിയോ ഗ്രീന്‍ 10.30 കോടി രൂപയും 18 ശതമാനം പലിശ കണക്കാക്കിയുള്ള തുകയും മടക്കി നല്‍കണമെന്ന് 2019 ല്‍ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് സ്റ്റുഡിയോ ഗ്രീനിന്‍റെ നിര്‍മ്മാണത്തിലെത്തുന്ന രണ്ട് ചിത്രങ്ങളുടെ റിലീസിന് മുന്‍പായി ഓരോ കോടി രൂപ വീതം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
ALSO READ : വേറിട്ട പ്രമേയവുമായി 'കുട്ടന്‍റെ ഷിനിഗാമി'; ഓഗസ്റ്റ് 30 ന് തിയറ്ററുകളില്‍