ബിഗ് ബജറ്റ് തമിഴ് ചിത്രം

തമിഴ്, തെലുങ്ക് ഭാഷകളിലെ ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളില്‍ മിക്കതും ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നത്. അതിനാല്‍ത്തന്നെ രാജ്യം മുഴുവനുമുള്ള സാഹചര്യം മനസിലാക്കിയാവും റിലീസ് തീയതിയും മറ്റും പ്രഖ്യാപിക്കുക. ഇപ്പോഴിതാ ആ ഗണത്തില്‍ പെടുന്ന ഒരു ബിഗ് ബജറ്റ് തമിഴ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍റെ റിലീസ് ഡേറ്റ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഈ വര്‍ഷം ഓഗസ്റ്റ് 15 നാണ് ചിത്രം എത്തുക. തെന്നിന്ത്യയില്‍ നിന്നുള്ള മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രം റിലീസിനായി ആദ്യം നിശ്ചയിച്ചിരുന്ന ദിവസമായിരുന്നു ഇത്. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ആയിരുന്നു ഇത്. എന്നാല്‍ നിര്‍മ്മാണം നീണ്ടതിനാല്‍ ഈ റിലീസ് തീയതി അണിയറക്കാര്‍ നീട്ടുകയായിരുന്നു. ഡിസംബര്‍ 6 ആണ് പുഷ്പ 2 ന്‍റെ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.

അതേസമയം തങ്കലാനും ആദ്യം പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിയ്ക്ക് എത്താത്ത ചിത്രമാണ്. ഈ വര്‍ഷം ജനുവരി 26 ആയിരുന്നു ചിത്രത്തിന്‍റെ ആദ്യം പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന തങ്കലാന്‍ നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. 100 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് തങ്കലാൻ ഒരുങ്ങുന്നതെന്നാണ് വിവരം.

ALSO READ : ഇനി നടന്‍ വിനീത് ശ്രീനിവാസന്‍; 'ഒരു ജാതി ജാതകം' റിലീസ് തീയതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം