നടൻ പ്രദീപ് രംഗനാഥൻ താൻ നായകനായ ആദ്യ മൂന്ന് സിനിമകളും 100 കോടി ക്ലബ്ബിൽ എത്തിയതിന് പ്രേക്ഷകർക്ക് നന്ദി അറിയിച്ചു. 'ലവ് ടുഡേ', 'ഡ്രാഗൺ' എന്നിവയ്ക്ക് ശേഷം 'ഡ്യൂഡ്' എന്ന പുതിയ ചിത്രവും ഈ നേട്ടം കൈവരിച്ചതോടെയാണ് ഹാട്രിക് വിജയം സ്വന്തമാക്കിയത്.

താൻ നായകനായി അഭിനയിച്ച ആദ്യ മൂന്ന് പടങ്ങളും 100 കോടി ക്ലബ്ബിൽ എത്തിയതിൽ നന്ദി അറിയിച്ച് നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ. പ്രേക്ഷകർ തങ്ങളുടെ വീട്ടിൽ ഒരാളായി എന്നെ കണ്ടതിനും പിന്തുണ നൽകിയതിനും ഏവരോടും ഹൃദയത്തിൽ നിന്നുള്ള നന്ദി എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പ്രദീപ് അറിയിച്ചിരിക്കുന്നത്.

''എന്‍റെ ആദ്യ 3 പടങ്ങൾക്ക് ഹാട്രിക്ക് 100 കോടി നൽകിയ ലോകത്തിലെ എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി. ഇതിന് കാരണം ഞാനല്ല നിങ്ങളാണ്. നിങ്ങളുടെ പിന്തുണയാണ്. നിങ്ങളുടെ വീട്ടിലെ ഒരാളായി എന്നെ കണ്ടു. ഇതിന് എന്ത് പറയണമെന്ന് അറിയില്ല, ഒത്തിരി നന്ദി. തമിഴ്നാട്, കേരള, തെലുങ്ക്, കർണ്ണാടക, ദുബായ്, മലേഷ്യ, സിംഗപ്പൂർ, യുകെ, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലുള്ള എല്ലാവർക്കും നന്ദി. ഈ സമയം എനിക്ക് അവസരം നൽകിയ ജയം രവി സാർ, ഐശ്വര്യ ഗണേഷ് സാർ, അഗോരം സാർ, എജിഎസ് എന്‍റർടെയ്ൻമെന്‍റ്സ്, അർച്ചന കൽപ്പാത്തി മാം, മൈത്രി മൂവി മേക്കേഴ്സ്, അതോടൊപ്പം എന്‍റെ സംവിധായകർ അശ്വന്ത് മാരിമുത്തു, കീർത്തീശ്വരൻ എന്നിവരേയും നന്ദിയോടെ ഓർക്കുന്നു. എവേരോടും സ്നേഹം'', പ്രദീപ് വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.

View post on Instagram

മികച്ച പ്രതികരണങ്ങളോടെ ഡ്യൂഡ്

പ്രദീപ് രംഗനാഥൻ - മമിത ബൈജു കൂട്ടുകെട്ടിൽ ദീപാവലി റിലീസായി എത്തിയ 'ഡ്യൂഡ്' തിയേറ്ററുകളിൽ 100 കോടി നേട്ടവും കടന്ന് മുന്നേറുകയാണ്. കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയൊരു ടോട്ടൽ പാക്കേജാണ് ചിത്രമെന്നാണ് ഏവരുടേയും അഭിപ്രായം. പ്രദീപ് ആദ്യമായി നായകനായെത്തി ലവ് ടുഡേയും ഡ്രാഗണും 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

YouTube video player