ശ്യാം പുഷ്‍കരന്‍ തിരക്കഥയൊരുക്കിയ ചിത്രം

തിയറ്ററിലും ഒടിടിയിലും ഒരേപോലെ പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്. ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍റെ പാത്രസൃഷ്ടിയും ഒപ്പം പ്രകടനവും ചര്‍ച്ചയായിരുന്നു. മുകുന്ദന്‍ ഉണ്ണിക്കു ശേഷം വിനീത് ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം നാളെ തിയറ്ററുകളില്‍ എത്തുകയാണ്. ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ സഹീദ് അറാഫത്ത് സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജു മേനോന്‍ ആണ്. ജോജിക്കു ശേഷം ശ്യാമിന്‍റെ തിരക്കഥയില്‍ പുറത്തെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ റിലീസിനു മുന്‍പ് ചിത്രത്തിന്‍റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

വിനീത് ശ്രീനിവാസനും ബിജു മേനോനുമൊപ്പം അന്തരിച്ച നടന്‍ കൊച്ചുപ്രേമനും പുറത്തെത്തിയ രംഗത്തിലുണ്ട്. കൊച്ചുപ്രേമന്‍ അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് തങ്കം. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് 'തങ്ക'ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിലുണ്ട്. ഒരു സെക്കൻഡ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗദ തുടങ്ങിയ സിനിമകൾക്ക് ശേഷം വിനീതും അപർണയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് തങ്കം. ഈ രണ്ട് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായൊരു വേഷത്തിലാണ് വിനീത് ചിത്രത്തിലെത്തുന്നതെന്നതും പ്രത്യേകതയാണ്.

ALSO READ : ബോക്സ് ഓഫീസില്‍ കുതിപ്പ് തുടങ്ങി 'പഠാന്‍'; 3 മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് ഇതുവരെ നേടിയത്

ഗൗതം ശങ്കറാണ് ചിത്രത്തിന്‍റെ ക്യാമറ, ബിജി ബാല്‍ ആണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്. ആക്‌ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായക്, കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ.

Thankam - Sneak Peek | Biju Menon | Vineeth Sreenivasan | Aparna Balamurali | Girish Kulkarni