ഇർഷാദ് അലി നായകനാകുന്ന 'പൊടിവാശി' എന്ന  ആദ്യ ചിത്രത്തിന്റെ ജോലികൾ പൂർത്തിയാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

ആദ്യ ചിത്രത്തിന്റെ ജോലികൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവസംവിധായകൻ നിതീഷ് സുധ (32) അന്തരിച്ചു. ഇർഷാദ് അലി നായകനാകുന്ന 'പൊടിവാശി' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് മരണം. പനിയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴങ്ങര കിഴക്കേ പുരയ്ക്കൽ കുടുംബാംഗമാണ്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ആദരഞ്ജലികൾ അര്‍പ്പിച്ചു.

ഒരു ഫീച്ചര്‍ ഫിലിമിന്‍റെ പ്രീക്വല്‍ എന്ന നിലയില്‍ നിതീഷ് സുധ ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം ആയിരുന്നു പൊടിമീശ. മോഹന്‍ലാല്‍ ചിത്രം ഇരുപതാം നൂറ്റാണ്ടിന്‍റെ സ്റ്റില്‍ വച്ചുകൊണ്ടുള്ള പൊടിമീശയുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രീക്വല്‍ ഷോര്‍ട്ട് ഫിലിമിനെക്കുറിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ സമയത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നിതീഷ് സുധ സംസാരിച്ചിരുന്നു. "പൊടിമീശ ഒരു പ്രീക്വൽ ഷോർട്ട് മൂവി ആണ്. ഇതിന്റെ ഒരു സിനിമാ വെർഷൻ വരുന്നുണ്ട്. ഇതിലെ നായകൻ ഒരു മോഹൻലാൽ ഫാൻ ആണ്. ഇരുപതാം നൂറ്റാണ്ടുമായി ബന്ധപ്പെട്ട് ക്ലൈമാക്സിൽ ഒരു സംഭവം ഉണ്ട്. ആ ക്യാരക്ടറായി വരുന്നുണ്ട് നായകൻ. അതുകൊണ്ടാണ് പോസ്റ്ററിലും അങ്ങനെ ഒരു ആശയം കൊണ്ടുവന്നത്", നിതീഷ് അന്ന് പറഞ്ഞിരുന്നു.