സമീപകാലത്ത് വന്‍ ജനപ്രീതി നേടിയ ചലച്ചിത്രം 'തണ്ണീര്‍മത്തന്‍ ദിനങ്ങളു'ടെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. ഒക്ടോബര്‍ 6ന് വൈകിട്ട് 6.30നാണ് ചിത്രം കാണാനാവുക. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് ശ്രീനിവാസനാണ് ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിലെ ലൈവ് വീഡിയോയിലൂടെ ചിത്രത്തിന്റെ പ്രീമിയര്‍ ഷെഡ്യൂള്‍ അനൗണ്‍സ് ചെയ്തത്.

നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സമീപകാല മലയാള സിനിമയില്‍ ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രമാണ്. പ്ലസ് ടു പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് തോമസ് മാത്യുവും അനശ്വര രാജനുമാണ്. ഇരുവരും സഹപാഠികളായി എത്തിയപ്പോള്‍ ഇവരുടെ അധ്യാപകന്‍ 'രവി പത്മനാഭനാ'യാണ് വിനീത് ശ്രീനിവാസന്‍ എത്തിയത്. ജൂലൈ 26ന് റിലീസ് ചെയ്യപ്പെട്ട ചിത്രം മോളിവുഡ് ബോക്‌സ്ഓഫീസിനെ അമ്പരപ്പിച്ചുകൊണ്ട് 50 കോടി ക്ലബ്ബിലും ഇടംപിടിച്ചു.