നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'തണ്ണീര്‍ മത്തന്‍ ദിനങ്ങളു'ടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഈ മാസം 26ന് ചിത്രം തീയേറ്ററുകളിലെത്തും. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലറിനും വീഡിയോ സോംഗിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

രവി പദ്മനാഭന്‍ എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തുന്നത്. എന്നാല്‍ 'കുമ്പളങ്ങി നൈറ്റ്‌സി'ലെ 'ഫ്രാങ്കി'യെ അവതരിപ്പിച്ച തോമസ് മാത്യുവും 'ഉദാഹരണം സുജാത'യിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.