കൗമാര പ്ലസ് ടു കാലത്തിന്റെ കഥയുമായി എത്തി തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ഗിരീഷ് എ ഡി ഒരുക്കിയ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'. തിയേറ്ററിലേക്ക് പ്രേക്ഷകനെ ആകര്‍ഷിക്കുന്ന വന്‍ താരനിരയൊന്നും  ഇല്ലാതെ വിജയം നേടിയ സിനിമ ഇപ്പോൾ കളക്ഷന്റെ കാര്യത്തിലും റെക്കോഡ് ഇട്ടിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് 10 കോടിക്ക് മുകളില്‍ ചിത്രം ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 10 ദിവസങ്ങള്‍കൊണ്ട് സിനിമ 11 കോടി രൂപയ്ക്ക് അടുത്താണ് കളക്ഷന്‍ നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെറും 17 ദിവസങ്ങള്‍കൊണ്ട് ഏരീസ് പ്ലക്‌സില്‍ നിന്നു മാത്രം ചിത്രം നേടിയത് 50 ലക്ഷം രൂപയാണ്. 18 ദിവസങ്ങള്‍കൊണ്ട് 50 ലക്ഷം രൂപ എന്ന 'ലൂസിഫറി'ന്റെ കളക്ഷന്‍ റെക്കോര്‍ഡാണ് ഇതോടെ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' തകര്‍ത്തിരിക്കുന്നത്.


കുമ്പളങ്ങി നൈറ്റ്സിലൂടെ  ശ്രദ്ധേയനായ തോമസ് മാത്യു , ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജന്‍ എന്നീ 'കുട്ടി'ത്താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 'രവി പദ്മനാഭന്‍' എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തില്‍ വിനീത് ശ്രീനിവാസനും ചിത്രത്തില്‍ എത്തുന്നു. ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.