ഭർത്താവുമായി വേർപിരിയാൻ പോകുകയാണെന്ന് തൻവി മുൻപ് വെളിപ്പെടുത്തിയിരുന്നു.
നടൻ കൃഷ്‍ണകുമാറിന്റെയും കുടുംബത്തിന്റെയും വീഡിയോകളും സോഷ്യൽ മീഡിയ പേജുകളും ഫോളോ ചെയ്യുന്നവർക്ക് സുപരിചിതയാണ് വ്ളോഗറായ തൻവി സുധീർ ഘോഷ്. സിന്ധു കൃഷ്‍ണയുടെ സഹോദരിയുടെ മകളാണ് തൻവി. കാനഡയിൽ സ്ഥിരതാമസമാക്കിയ തൻവി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഭർത്താവുമായി വേർപിരിയാൻ പോകുകയാണെന്ന് തൻവി മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ തീരുമാനത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണെന്നും തങ്ങൾ വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചെന്നും തൻവി അടുത്തിടെ അറിയിച്ചിരുന്നു.
താൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും താമസം മാറി തൻവിക്കും മകനുമടുത്തേക്ക് ഭർത്താവ് യോജി എത്തുന്നതാണ് തൻവി പുതിയ വ്ളോഗിൽ കാണിക്കുന്നത്.
അച്ഛനെ കണ്ടയുടൻ മകൻ ലിയാൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇനി ലിയാനോടൊപ്പം ഉണ്ടാകുമെന്നും തിരിച്ചുപോകുന്നില്ലെന്നും യോജി പറയുന്നുമുണ്ട്. ആറ് വർഷത്തിനുശേഷമാണ് ഭാര്യയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് തൻവി ഉണ്ടാക്കിയ ബിരിയാണി യോജി കഴിച്ചത്. ബിരിയാണി നന്നായിട്ടുണ്ടെന്നും യോജി പറയുന്നുണ്ട്.
ഈ കുടുംബം ഇത്രയും സന്തോഷത്തോടു കൂടി മുന്നോട്ടു പോകട്ടെ എന്നാഗ്രഹിക്കുകയാണ് തൻവിയുടെയും ലിയാന്റെയും ആരാധകരും. ''എല്ലാരും വേർപിരിയലിന്റെ കഥ പറഞ്ഞു കേട്ടിട്ടുണ്ട്. അല്ലെങ്കിൽ വേർപിരിയലിന്റെ ഷോർട്സ് ഒക്കെ കണ്ടിട്ടുണ്ട്. ഇങ്ങനൊന്ന് ആദ്യായിട്ടാണ് കാണുന്നത്.. വേർപിരിയലിന്റെ വക്കത്തു നിന്നും പിന്നീട് ഒരുമിക്കുന്ന കഥ, പലരുടെയും പിരിയൽ കേൾക്കുമ്പോ ഇങ്ങനൊന്ന് മനസു കൊണ്ട് ആഗ്രഹിക്കാറുണ്ട്, ഇപ്പോ കണ്ടു. സന്തോഷായി.. നന്ദി'', എന്നാണ് തൻവിയുടെ വീഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ദിയയുടെ കുഞ്ഞിനെ കാണാൻ മൂന്നു പേരും ഒരുമിച്ച് നാട്ടിലേക്ക് വരണമെന്നും മറ്റൊരാൾ കമന്റ് ചെയ്‍തിട്ടുണ്ട്.
