താര കല്യാണിന്റെ മകള്‍ സൗഭാഗ്യ അടുത്തിടെയാണ് വിവാഹിതയായത്. നര്‍ത്തകൻ കൂടിയായ അര്‍ജുൻ ആണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മകളുടെ വിവാഹം തനിക്ക് ഒരു സര്‍പ്രൈസ് ആയിരുന്നുവെന്ന് താര കല്യാണ്‍ പറയുന്നു. മഴവില്‍ മനോരമയുടെ പ്രോഗ്രാമിലാണ് താര കല്യാണ്‍ ഇക്കാര്യം പറയുന്നത്.

പെട്ടെന്നൊരു ദിവസമായിരുന്നു മകള്‍ വിവാഹത്തിന് സമ്മതമാണ് എന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ വിവാഹത്തീയ്യതി നിശ്ചയിക്കുകയായിരുന്നു. ഫാൻസി നമ്പര്‍ വേണമെന്നുള്ളതുകൊണ്ടാണ് 20-02-2020 എന്ന തീയതി തിരഞ്ഞെടുത്തത്. വിവാഹക്ഷണക്കത്ത് പോലും അച്ചടിച്ചിരുന്നില്ല. പ്രീഡിഗ്രി കാലത്ത് തന്റെയെടുത്ത് ഡാൻസ് പഠിപ്പിച്ച വിദ്യാര്‍ഥിയാണ് അര്‍ജുൻ. വിദ്യാര്‍‌ത്ഥികള്‍ ആരും എന്നെ ചോദ്യം ചെയ്യാറില്ല. ഒരു ദിവസം ഞാന്‍ വഴക്കു പറഞ്ഞപ്പോള്‍ അര്‍ജുന്‍ എന്നോട് തിരിച്ചു സംസാരിച്ചു. അന്ന് ഞാന്‍ അവനെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവനെ വിളിച്ച് സംസാരിക്കുകയും ചെയ്‍ത് പിണക്കം മാറ്റി. എന്റെ വിദ്യാര്‍ത്ഥി തന്നെ മകളുടെ ഭര്‍ത്താവാകുമെന്ന് കരുതിയില്ല. അവൻ മരുമകനല്ല, തന്റെ മകൻ തന്നെയാണെന്ന് താര കല്യാണ്‍ പറഞ്ഞു.