തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ പോലീസ് വേഷത്തിലാണ് എത്തുന്നത്. 

മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആണ് മോഹന്‍ലാല്‍. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നപക്ഷം ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ബോക്സ് ഓഫീസില്‍ തുറക്കുക അനന്തസാധ്യതകളാണ്. സമീപകാലത്ത് മോഹന്‍ലാലിനെ പുതുകാലത്തിനും ചേര്‍ന്ന തരത്തില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും. ഒരു സംവിധായകനെന്ന നിലയില്‍ തരുണിന്‍റെ മാര്‍ക്കറ്റ് വാല്യു വലിയ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു ഈ ചിത്രം. തരുണിന്‍റെ അടുത്ത ചിത്രത്തിലും മോഹന്‍ലാല്‍ ആണ് നായകന്‍. ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന ചിത്രത്തിന്‍റെ പേര് അതിമനോഹരം എന്നാണ്. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഏറെക്കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ ഒരു ചിത്രത്തില്‍ കാക്കി അണിഞ്ഞ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് തരുണ്‍ മൂര്‍ത്തി സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പ്രതികരണങ്ങള്‍ ശ്രദ്ധ നേടുകയാണ്.

മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമായതിനാല്‍ത്തന്നെ ഇത് ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. തുടരും സിനിമയില്‍ ഏറെ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ തരുണ്‍ അത് മനോഹരമായി ചെയ്യുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. അതിമനോഹരത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ തരുണ്‍ മൂര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അതിന് താഴെയാണ് ആരാധകര്‍ ചോദ്യങ്ങളുമായി എത്തിയത്. ‘ഈ സിനിമയില്‍ തുടരും സിനിമയില്‍ ഉള്ള ആക്ഷനേക്കാള്‍ ഒരുപാട് ഫൈറ്റ് സീനുകള്‍ ഉണ്ടാവുമെന്ന് ഫാന്‍സ് കരുതുന്നുണ്ട്. അതില്ല എങ്കില്‍ ആ പ്രതീക്ഷ ഇല്ലാതാക്കാന്‍ ശ്രമിക്കുക’, എന്നായിരുന്നു ഒരു കമന്‍റ്.

അതിന് തരുണ്‍ നല്‍കിയ മറുപടി ഇങ്ങനെ- “ഒരു ഫൈറ്റ് കേന്ദ്രീകൃത സിനിമയല്ലെന്ന് പലവട്ടം പറഞ്ഞിരുന്നു. തുടരും പോലെ ഒരു സിനിമ അല്ലാത്തതുകൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. അതിനാല്‍ അങ്ങനെയുള്ള താരതമ്യങ്ങള്‍ ഒഴിവാക്കുക”. അതിമനോഹരം ഏത് ജോണര്‍ ആണ് എന്നായിരുന്നു മറ്റൊരു ചോദ്യം. പൊലീസ് പ്രൊസിജ്വറല്‍ ആന്‍ഡ് ഫാമിലി ഡ്രാമയെന്ന് തരുണിന്‍റെ മറുപടി. ലവ്‍ലജന്‍ എന്നാണ് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ പേര്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ജനുവരി 23 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മീര ജാസ്മിന്‍ ആണ് നായിക.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming