98-ാമത് ഓസ്കർ പുരസ്കാരങ്ങൾ ഉടൻ പ്രഖ്യാപിക്കും. 16 നോമിനേഷനുകളുമായി 'സിന്നേഴ്സ്' മുന്നിട്ടുനിൽക്കുന്നു. 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' 13 നോമിനേഷനുകൾ നേടി.

ലോസ് ഏഞ്ചൽസ്: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ ഉടൻ പ്രഖ്യാപിക്കും. 24 വിഭാഗങ്ങളിൽ ആയാണ് അവാർഡുകൾ സമ്മാനിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്. ഓസ്കറിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി റയാൻ കൂഗ്ലർ സംവിധാനം ചെയ്ത സിന്നേഴ്സ് ആണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന ചിത്രങ്ങളിലൊന്ന്. മികച്ച ചിത്രം, സംവിധാനം അടക്കം ഹൊറർ ത്രില്ലർ ചിത്രം നേടിയത് 16 നോമിനേഷനുകളാണ്. 13 നോമിനേഷനുകളുമായി പോൾ തോമസ് ആൻഡേഴ്‌സൺ ഒരുക്കിയ വൺ ബാറ്റിൽ ആഫ്റ്റർ അനദർ ആണ് രണ്ടാമത്. ചിത്രത്തിലെ നായകൻ ലിയോനാഡോ ഡികാപ്രിയോ മികച്ച നടനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഡി കാപ്രിയോയുടെ രണ്ടാം ഓസ്കർ നേട്ടം ഇത്തവണ സംഭവിക്കുമോ എന്നും ലോക സിനിമ പ്രേമികൾ ഉറ്റുനോക്കുന്നു.

മികച്ച നടിക്കുള്ള നോമിനേഷനിൽ എമ്മ സ്റ്റോൺ ഇടം നേടിയിട്ടുണ്ട്. യോർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ബുഗോണിയ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് എമ്മ സ്റ്റോണിന് നോമിനേഷൻ ലഭിച്ചിരിക്കുന്നത്. വിദേശ ഭാഷ വിഭാഗത്തിൽ ഇന്ത്യൻ ചിത്രം ഹോംബൗണ്ട് പുറത്തായത് ഇന്ത്യക്ക് നിരാശ ആയി. ബുഗോണിയ, സിന്നേഴ്സ്, സെന്റിമെന്റൽ വാല്യൂ, ദി സീക്രട്ട് ഏജന്റ് തുടങ്ങീ പത്ത് ചിത്രങ്ങളാണ് മികച്ച സിനിമയ്ക്കുള്ള നോമിനേഷനിൽ മാറ്റുരയ്ക്കുന്നത്.