ട്രെയിലര്‍ ലോഞ്ച് നടക്കേണ്ടിയിരുന്ന കൊൽക്കത്തയിലെ ഐടിസി ഹോട്ടലിൽ ചിലർ അതിക്രമം കാണിച്ചുവെന്നും അഗ്നിഹോത്രി ആരോപിച്ചു.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്‍ത പുതിയ ചിത്രം ബംഗാൾ ഫയൽസിന്റെ ട്രെയിലർ ലോഞ്ച് നിർത്തിവെച്ചു. പൊലീസ് ട്രെയിലർ പുറത്തിറക്കുന്നത് തടഞ്ഞുവെന്ന് ആരോപിച്ച് വിവേക് അഗ്നിഹോത്രി രംഗത്തെത്തി. 1946-ലെ ബംഗാൾ കലാപത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രെയിലര്‍ ലോഞ്ച് നടക്കേണ്ടിയിരുന്ന കൊൽക്കത്തയിലെ ഐ ടി സി ഹോട്ടലിൽ ചിലർ അതിക്രമം കാണിച്ചുവെന്നും അഗ്നിഹോത്രി ആരോപിച്ചു. പരിപാടി നടക്കേണ്ടിയിരുന്ന വേദിയിലെ ഇലക്ട്രിക് വയറുകളും മുറിച്ചുമാറ്റിയെന്ന് വിവേക് അഗ്നിഹോത്രി ആരോപിച്ചു. പിന്നീട് പോലീസ് എത്തി, അനുമതി ഇല്ലാത്തതിനാൽ പരിപാടി നിർത്തി വയ്ക്കണം എന്ന് ആവശ്യപ്പെട്ടതായും സംവിധായകൻ പറയുന്നു. എന്നാല്‍ ട്രെയിലര്‍ ലോഞ്ചിനായി വിവേക് അഗ്നിഹോത്രി അപേക്ഷ നല്‍കിയിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല എന്ന് പൊലീസ് അധികൃതര്‍ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍‌ റിപ്പോര്‍ട്ട് ചെയ്‍തു. എന്നാല്‍ യൂട്യൂബിലൂടെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്. കശ്‍മീർ ഫയൽസ് എന്ന വിവാദ ചിത്രത്തിന്റെ സംവിധായകൻ ആണ് വിവേക് അഗ്നിഹോത്രി.

ദര്‍ശൻ കുമാര്‍, പല്ലവി ജോഷി, സിമ്രത് കൗര്‍, മിഥുൻ ചക്രബര്‍ത്തി, അനുപം ഖേര്‍, രാജേഷ് ഖേര, പുനീത് ഇസ്സാര്‍, പ്രിയാൻശു ചാറ്റര്‍ജി, സൗരവ് ദാസ്, മോഹൻ കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹാത്മാ ഗാന്ധിയായിട്ടാണ് അനുപം ഖേര്‍ ചിത്രത്തില്‍ വേഷമിടുന്നത്. സൈനിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രോഹിത് ശര്‍മയാണ് സംഗീത സംവിധാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക