രജനീകാന്തോ അജിത്ത് കുമാറോ? നിലവില്‍ തമിഴ് സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആരാണ്? 'പേട്ട'യോ 'വിശ്വാസ'മോ? ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ഏതാണ്? 2019 ആദ്യ പകുതി പിന്നിടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം വീണ്ടും പൊങ്ങിവരുകയാണ്. ഈ വര്‍ഷത്തെ തമിഴ് റിലീസുകളുടെ കൂട്ടത്തില്‍ തമിഴ്‌നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയത് 'വിശ്വാസ'വും ആഗോള ബോക്‌സ്ഓഫീസില്‍ മുന്നിലെത്തിയത് 'പേട്ട'യുമാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. 

ഇപ്പോഴിതാ ജൂലൈ ആദ്യദിനം തന്നെ ട്വിറ്ററില്‍ ഒരു പുതിയ ഹാഷ് ടാഗ് ട്രെന്റിംഗ് ആയിരിക്കുകയാണ്. #Viswasam1stHalf2019BOWinner എന്നതാണ് അത്. ചില പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ഈ ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ 2019 ആദ്യ പകുതിയിലെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ആണ് വിശ്വാസമെന്ന് അവരാരും അവകാശപ്പെടുന്നില്ല. മറിച്ച് തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ നിന്ന് കഴിഞ്ഞ ആറ് മാസത്തില്‍ ഏറ്റവുമധികം കളക്ട് ചെയ്ത ചിത്രമെന്നാണ് വിശ്വാസത്തിന് ലഭിച്ചിരിക്കുന്ന വിശേഷണം. എന്നാല്‍ ആഗോള കളക്ഷനില്‍ 'വിശ്വാസ'ത്തേക്കാള്‍ മുന്നില്‍ രജനീകാന്തിന്റെ 'പേട്ട' തന്നെയാണ്.

പൊങ്കല്‍ റിലീസായി ജനുവരി 10നാണ് രണ്ട് ചിത്രങ്ങളും തീയേറ്ററുകളിലെത്തിയത്. രണ്ട് വന്‍ ചിത്രങ്ങള്‍ ഒരുമിച്ച് തീയേറ്ററുകളിലെത്തിയാല്‍ രണ്ടിന്റെയും കളക്ഷനെ ബാധിക്കുമെന്ന ചില കോണുകളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ വകവെക്കാതെയായിരുന്നു റിലീസ്. എന്നാല്‍ ഫെസ്റ്റിവല്‍ സീസണുകളില്‍ ഒന്നിലധികം ബിഗ് റിലീസുകള്‍ എത്തിയാലും എന്റര്‍ടെയ്ന്‍ ചെയ്യുന്ന സിനിമയാണെങ്കില്‍ ആളുകള്‍ കാണുമെന്നാണ് വിശ്വാസത്തിന്റെയും പേട്ടയുടെയും ബോക്‌സ്ഓഫീസ് കളക്ഷന്‍ തെളിയിക്കുന്നത്. അതേസമയം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'നേര്‍കൊണ്ട പറവൈ'യാണ് അജിത്തിന്റെ പുതിയ ചിത്രം. ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് ചിത്രം.