മറാഠ നാടകവേദിയിൽ നിന്ന് തുടങ്ങി ഇന്ത്യൻ സിനിമയുടെ ഇതിഹാസമായി മാറിയ അഭിനയ ജീവിതമാണ് നാനാ പടേക്കറുടേത്.

അഭിനയിച്ചത് ഏത് ഭാഷാ സിനിമകളില്‍ ആണെങ്കിലും മറുഭാഷാ ഇന്‍ഡസ്ട്രികളിലും അവിടുത്തെ പ്രേക്ഷകരിലും വലിയ ബഹുമാനം സൃഷ്ടിച്ച അഭിനേതാക്കളുണ്ട്. തങ്ങള്‍ കണ്ട ചെറിയ സ്ക്രീന്‍ ടൈമില്‍ പോലും അഭിനയ പ്രതിഭയുടെ മുദ്ര അവര്‍ ചാര്‍ത്തുന്നു എന്നതാണ് അതിന് കാരണം. ഇന്ത്യന്‍ സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുള്ള ലെജന്‍ഡ്സിന്‍റെ എക്കാലത്തെയും പട്ടിക എടുത്താലും ഉള്‍പ്പെടുത്താതിരിക്കാനാവാത്ത സാന്നിധ്യമായിരുന്നു ഇന്ന് അന്തരിച്ച നടന്‍ നാനാ പടേക്കര്‍. ഹിന്ദി, മറാഠി ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചതെങ്കിലും രാജ്യത്ത് ഈ പേര് കേട്ടിട്ടില്ലാത്ത, ഒരിക്കലെങ്കിലും ആ പ്രകടനം കണ്ടിട്ടില്ലാത്ത സിനിമാപ്രേമികള്‍ ഉണ്ടാവില്ല.

ഇന്ത്യന്‍ സിനിമയില്‍ സാന്നിധ്യം കൊണ്ടുതന്നെ വിസ്മയിപ്പിച്ച മറ്റ് പല പ്രമുഖരെയും പോലെ തന്നെ നാടനവേദിയില്‍ നിന്നാണ് നാനാ പടേക്കറിലെ അഭിനയ പ്രതിഭ ഉരുവം കൊള്ളുന്നത്. നന്നേ ചെറുപ്പത്തിലേ തന്നിലെ കലാഭിരുചി മനസിലാക്കിയ അദ്ദേഹം മുംബൈയിലെ ജെ ജെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ആര്‍ട്സില്‍ നിന്നാണ് കോളെജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടുത്തെ പഠനത്തിന് ശേഷം കമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റ് ആയും വിഷ്വലൈസറായും കുറച്ചുകാലം ജോലി ചെയ്തിട്ടുമുണ്ട്. പക്ഷേ നാടകവേദിയിലെത്തിയപ്പോള്‍ തന്‍റെ വഴി അഭിനയം തന്നെയെന്ന് വിശ്വനാഥ് പടേക്കര്‍ എന്ന നാനാ പടേക്കര്‍ മനസിലാക്കിയിരിക്കണം. കഥാപാത്രാവതരണത്തിലെ തീവ്രത, ഡയലോഗ് ഡെലിവറിയിലെ സൂക്ഷ്മത, അസാധാരണത്വവും സങ്കീര്‍ണവുമായ കഥാപാത്രങ്ങളെ അനായാസം അവതരിപ്പിക്കാനുള്ള ശേഷി എന്നിങ്ങനെ നാടകത്തില്‍ പയറ്റിത്തെളിഞ്ഞവര്‍ സിനിമയില്‍ കൊണ്ടുവന്നതൊക്കെ ബിഗ് സ്ക്രീനിലെത്തിയപ്പോള്‍ അദ്ദേഹവും കൂടെക്കൂട്ടി.

ഗമന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ 1978 ലാണ് അദ്ദേഹത്തിന്‍റെ സിനിമാ അരങ്ങേറ്റം. ഹിന്ദിയിലും മറാഠി സിനിമകളിലും നിരവധി വേഷങ്ങള്‍ പിന്നീട് ലഭിച്ചുവെങ്കിലും ഒരു വലിയ ബ്രേക്ക് ആദ്യമായി നല്‍കിയത് 1990 ല്‍ പുറത്തിറങ്ങിയ പരീന്ദ എന്ന ചിത്രമാണ്. ക്രൈം ത്രില്ലര്‍ ചിത്രത്തിലെ അണ്ണ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രമായി തിള‍ങ്ങിയതിന് ശേഷം നാനാ പടേക്കര്‍ക്ക് സിനിമയില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പരീന്ദയിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ഫിലിംഫെയര്‍ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

വിവിധ ഭാവഭേദങ്ങളിലും രുചിഭേദങ്ങളിലുമുള്ള കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരാവുമ്പോഴാണ് അഭിനേതാക്കള്‍ പ്രേക്ഷകരുടെ കൈയടി നേടുന്നത്. തങ്ങള്‍ ഗൗരവവും തീവ്രവുമായ ഭാവപ്രകടനങ്ങളില്‍ കണ്ടൊരാള്‍ അതിഗംഭീരമായി കോമഡിയും ചെയ്യുന്നത് ഹിന്ദി സിനിമാപ്രേമികള്‍ക്ക് പലപ്പോഴും വിരുന്നായിരുന്നു. ഉദയ് ഷെട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വെല്‍ക്കം, വെല്‍ക്കം ബാക്ക് എന്നീ ചിത്രങ്ങളാണ് ഇക്കൂട്ടത്തില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം ആഘോഷിച്ചത്. മലയാള ചിത്രം മേരിക്കുണ്ടൊരു കുഞ്ഞാടിന്‍റെ, പ്രിയദര്‍ശന്‍ സംവിധാവം ചെയ്ത ഹിന്ദി റീമേക്കിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും നാനാ പടേക്കര്‍ ആയിരുന്നു. ചലച്ചിത്ര, അഭിനയ വിദ്യാര്‍ഥികളെ സംബന്ധിച്ച് എക്കാലത്തും അവര്‍ക്ക് ഗൗരവമുള്ള പഠനത്തിന് വിധേയമാക്കാന്‍ പറ്റുന്ന ഒരു ഗുരുവാണ് വിട വാങ്ങുന്നത്. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് എപ്പോവും മറിച്ച് നോക്കാന്‍ പറ്റുന്ന റെഫറന്‍സ് ഗ്രന്ഥമായി അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ നിലനില്‍ക്കും.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming