തന്‍റെ പുതിയ ചിത്രമായ ലർക്കിലെ ആനയുടെ ഗ്രാഫിക്സ് മോശമാണെന്ന ഒരു റിവ്യൂവിനെക്കുറിച്ച് സംവിധായകൻ എം എ നിഷാദ് പ്രതികരിക്കുന്നു

സിനിമകളില്‍ മൃഗങ്ങളെയും പക്ഷികളെയുമൊക്കെ ഉപയോഗിക്കാന്‍ സംവിധായകര്‍ക്ക് ഏറെ പരിമിതികളുണ്ട്. അവരെ ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരണമെങ്കില്‍ പ്രത്യേക അനുമതി എടുക്കണം. അത് ലഭിച്ചാല്‍ത്തന്നെ അഭിനയിപ്പിക്കാനും പ്രയാസമാണ്. വിഷ്വല്‍ എഫക്റ്റ്സ് മേഖല ഏറെ മുന്നോട്ട് പോയതോടെ ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ മൃഗങ്ങളെ പലരും സ്ക്രീനില്‍ കൊണ്ടുവരാറുണ്ട്. പലപ്പോഴും ഇതിന്‍റെ വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ വരുമ്പോഴോ അല്ലെങ്കില്‍ അണിയറക്കാര്‍ പറയുമ്പോഴോ ഒക്കെയായിരിക്കും ഇത് ഗ്രാഫിക്സ് ആണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാവുക. എന്നാല്‍ ഇപ്പോഴും മൃഗങ്ങളെ ചിത്രീകരണത്തിനായി പലരും ഉപയോഗിക്കുന്നുമുണ്ട്. ഇപ്പോഴിതാ താന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ലര്‍ക്കിന് വന്ന ഒരു റിവ്യൂവിലെ പരാമര്‍ശത്തെക്കുറിച്ച് പറയുകയാണ് എം എ നിഷാദ്. അത് തന്നെ ചിരിപ്പിച്ചുവെന്ന് പറയുന്നു അദ്ദേഹം.

ചിത്രത്തിലെ ആനയുടെ ഗ്രാഫിക്സ് പോരെന്ന് ഒരു റിവ്യൂവര്‍ പറഞ്ഞെന്നും എന്നാല്‍ അത് ഗ്രാഫിക്സ് ആയിരുന്നില്ലെന്നും മറിച്ച് ഒറിജിനല്‍ ആന ആയിരുന്നെന്നും നിഷാദ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആനയുടെ ചിത്രീകരണ വീഡിയോ പങ്കുവച്ചിട്ടുമുണ്ട് സംവിധായകന്‍. നിഷാദിന്‍റെ വാക്കുകള്‍- “ഏട്ടിലെ പശുവും ഗ്രാഫിക്സിലെ ആനയും.. ഇന്നലെ റിലീസായ ഞങ്ങളുടെ 'ലർക്ക്' സിനിമയ്ക്ക് ധാരാളം പ്രതികരണങ്ങൾ ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ഗുണവും ദോഷവും പറഞ്ഞുകൊണ്ടുള്ള റിവ്യൂസ് കണ്ടു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ എന്നൊന്നില്ലല്ലോ. അതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല. ഒരു യൂട്യൂബർ പറഞ്ഞ വാചകമാണ് എന്നെ ഞെട്ടിച്ചത്. ''ആനയുടെ ഗ്രാഫിക്സ് തീരെ ശരിയായില്ല..''. കുറേ നേരം മനസ്സറിഞ്ഞ് ചിരിച്ചു. കാരണം ഈ സിനിമയിൽ ആനയുണ്ടെങ്കിൽ അത് ഒറിജിനലാണ്..! മനുഷ്യരായ ആർട്ടിസ്റ്റുകളെക്കാൾ ആത്മാർഥമായി അഭിനയിച്ച ഉണ്ണിക്കുട്ടൻ എന്ന ആനയാണ് 'ലർക്കി'ൽ അഭിനയിച്ചിരിക്കുന്നത്. വീട് പൊളിക്കുന്നതും ആളെ ഓടിക്കുന്നതുമൊക്കെ അവൻ നല്ല സുന്ദരമായി ചെയ്തു. എന്തു കണ്ടാലും ഗ്രാഫിക്സാണ്, എഐ ആണെന്നൊക്കെ പറയുന്നവരോട്.. ഇതെല്ലാം കൊഞ്ചം ഓവറല്ലവാ..?”, നിഷാദ് കുറിച്ചു.

മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് 'ലർക്ക്. ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. അതിന് മുന്‍പേ ചില ചലച്ചിത്രോത്സവങ്ങളില്‍ പുരസ്കാരങ്ങളും നേടിയിരുന്നു ചിത്രം. സിലോൺ, കർണാടക ചലച്ചിത്രോത്സവങ്ങളിൽ എം.എ. നിഷാദ് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ മധ്യപ്രദേശ് വിന്ധ്യാ ചലച്ചിത്രോത്സവത്തിൽ ടി.ജി. രവി മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടൊപ്പം തന്നെ വിപിൻ മണ്ണൂർ ചിത്രസംയോജനത്തിനും ഗണേശ് മാരാർ ശബ്ദമിശ്രണത്തിനും പുരസ്കാരങ്ങൾ നേടിയിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming