Pearle Maaney facing unfollowing amid her statement on cjp protest. സിജെപി വിദ്യാർത്ഥി സമരത്തിനെതിരായ നിലപാടിനെ തുടർന്ന് പേളി മാണിക്ക് സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സിനെ നഷ്ടമായി.
സിജെപി വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ നിലപാട് സ്വീകരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ താരം പേളി മാണിയുടെ സബ്സ്ക്രൈബേഴ്‌സിൽ വൻ ഇടിവ്. 5.7 മില്യൺ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉണ്ടായിരുന്ന താരത്തിന് നിലവിൽ 5.5 മില്യൺ ഫോളോവേഴ്സ് ആണുള്ളത്. അതേസമയം താരത്തിന്റെ യൂട്യൂബ് സബ്സ്ക്രൈബേഴ്‌സിന്റെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 4.74 മില്യൺ സബ്സ്ക്രൈബേഴ്സിൽ നിന്നും 4.68 മില്യണിലേക്ക് കുറഞ്ഞിട്ടുണ്ട്.
അതേസമയം വലിയ വിമർശനമാണ് പേളിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. ഒരു ലക്ഷ്യവും ഒരു ജീവനേക്കാൾ വലുതല്ലെന്നും ജീവന് ഭീഷണിയുണ്ടെങ്കിൽ അവിടെ നിന്നും വിദ്യാർത്ഥികൾ മടങ്ങി പോകണമെന്നും പേളി കുറിച്ചിരുന്നു. കൂടാതെ തനിക്ക് ഇഷ്ടപ്പെട്ട നിറം കാവിയാണെന്നും തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞതും താരത്തിന് വലിയ തിരിച്ചടിയായിരുന്നു. അതേസമയം സിജെപി സമരത്തിന്റെ ഫലമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു.
ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി.



