മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് 'ഗോട്ട്' സംവിധായകന്‍ വെങ്കട് പ്രഭു
ഗായകനും നടനുമായ പ്രേംജി അമരനും മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്
മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തമിഴ് സംവിധായകന്‍ വെങ്കട് പ്രഭു. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. ഒരേയൊരു ലാലേട്ടനോടൊപ്പം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം മോഹന്‍ലാലിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
ഗായകനും നടനുമായ പ്രേംജി അമരനും മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാലിന് നന്ദി പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെയാണ് പ്രേംജി അമരന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചെന്നൈയില്‍ വച്ച് എടുത്തതാണ് ചിത്രങ്ങള്‍. വിജയ് നായകനാവുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) ആണ് വെങ്കട് പ്രഭുവിന്‍റേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. സെപ്റ്റംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്. വിജയ് അച്ഛനും മകനുമായി ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രേംജി അമരനും അഭിനയിക്കുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്ന് പ്രമുഖ താരങ്ങള്‍ക്കെതിരെ ഉണ്ടായ ലൈംഗികാരോപണങ്ങളെയും തുടര്‍ന്ന് മോഹന്‍ലാല്‍ അമ്മ പ്രസിഡന്‍റ് സ്ഥാനം രാജി വച്ചിരുന്നു. മറ്റ് അംഗങ്ങളും രാജി വച്ചതിനെത്തുടര്‍ന്ന് സംഘടനയുടെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. വാട്സ് ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ രാജി തീരുമാനം എടുത്തത്. മമ്മൂട്ടിയോടും കൂടിയാലോചിച്ചിരുന്നു. രാജിക്കാര്യം അറിയിച്ചുകൊണ്ട് ഒരു വാര്‍ത്താക്കുറിപ്പും അമ്മ പുറത്തുവിട്ടിരുന്നു.
അതേസമയം അംഗങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അവ സമൂഹത്തില്‍ വ്യാപക ചര്‍ച്ച സൃഷ്ടിച്ചിട്ടും മാധ്യമങ്ങളെ അഭിമുഖീകരിക്കാതെയും സമൂഹത്തോട് കാര്യങ്ങള്‍ വിശദീകരിക്കാതെയും അമ്മ ഭാരവാഹികള്‍ രാജി വച്ചത് വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഉണ്ടായിരുന്ന സിദ്ദിഖ് ആണ് ആദ്യം രാജി വച്ചത്. അതേസമയം രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്.
ALSO READ : മലയാളികളുടെ ഓസ്ട്രേലിയന്‍ ജീവിതവുമായി 'മനോരാജ്യം'; ട്രെയ്‍ലര്‍ എത്തി