മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത് (സംവിധായകന്‍ ജിയോ ബേബി തന്നെ), മികച്ച ശബ്‍ദരൂപകല്‍പ്പന (ടോണി ബാബു) എന്നിങ്ങനെയാണ് ചിത്രത്തിനു ലഭിച്ച പുരസ്‍കാരങ്ങള്‍

മലയാള സിനിമകളുടെ ഒടിടി സാധ്യതയെക്കുറിച്ച് ചലച്ചിത്ര മേഖലയെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു ജിയോ ബേബിയുടെ (Jeo Baby) 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' (The Great Indian Kitchen). പ്രമുഖ പ്ലാറ്റ്ഫോമുകള്‍ പലതും തുടക്കത്തില്‍ നിരസിച്ച ചിത്രം നീസ്ട്രീം എന്ന പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്‍ത് ഏതാനും ദിവസം കൊണ്ട് അക്ഷരാര്‍ഥത്തില്‍ 'വൈറല്‍' ആയി. ആമസോണ്‍ പ്രൈം ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്‍തു. ബിബിസി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആസ്വാദനങ്ങളും പ്രത്യക്ഷപ്പെട്ടു. ചിത്രം സംസാരിച്ച വിഷയമായിരുന്നു അതിനൊക്കെ കാരണം. പുരുഷ കേന്ദ്രീകൃതമായ നമ്മുടെ സമൂഹത്തെക്കുറിച്ച് ലളിതമായ ഭാഷയില്‍ ഉള്‍ക്കാഴ്ച പകര്‍ന്ന ചിത്രത്തിന് സംസ്ഥാന അവാര്‍ഡിലും (Kerala State Film Awards) തിളക്കമേറെയാണ്. മികച്ച ചിത്രത്തിനടക്കം മൂന്ന് പുരസ്‍കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത് (സംവിധായകന്‍ ജിയോ ബേബി തന്നെ), മികച്ച ശബ്‍ദരൂപകല്‍പ്പന (ടോണി ബാബു) എന്നിങ്ങനെയാണ് ചിത്രത്തിനു ലഭിച്ച പുരസ്‍കാരങ്ങള്‍. ചിത്രത്തെക്കുറിച്ച് ജൂറിയുടെ അഭിപ്രായ പ്രകടനം ഇങ്ങനെ- "പ്രത്യക്ഷത്തില്‍ ഹിംസാത്മകമല്ലാത്ത, നിശബ്ദമായ ആണ്‍കോയ്‍മയുടെ നിര്‍ദയമായ അധികാരപ്രയോഗങ്ങളെ ഒരു പെണ്‍കുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷ്‍മവും ശക്തവുമായി അവതരിപ്പിക്കുന്ന ചിത്രം". 

ചിത്രത്തിന്‍റെ സംവിധായകന്‍ കൂടിയായ ജിയോ ബേബി തയ്യാറാക്കിയ തിരക്കഥയെ ജൂറി ഇങ്ങനെ വിലയിരുത്തുന്നു- "ആണധികാര വ്യവസ്ഥയില്‍ അടുക്കള എന്ന ഇടം എത്രമാത്രം സ്ത്രീവിരുദ്ധമായി മാറുന്നുവെന്ന സാമൂഹിക യാഥാര്‍ഥ്യത്തെ മിതമായ സംഭാഷണങ്ങളിലൂടെയും വാചാലമായ ദൃശ്യങ്ങളിലൂടെയും അവതരിപ്പിച്ച രചനാ മികവിന്". പശ്ചാത്തല സംഗീതം ഏറ്റവും കുറവ് മാത്രം ഉപയോഗിച്ച ചിത്രമായിരുന്നു ദ് ഗ്രേറ്റ് ഇന്ത്യന് കിച്ചണ്‍. മിക്കവാറും സമയങ്ങളില്‍ വീട്ടകങ്ങളും പ്രത്യേകിച്ചും അവിടുത്തെ അടുക്കളയും ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തില്‍ പശ്ചാത്തലശബ്ദം നല്‍കിയിരിക്കുന്നത് പ്രധാനമായും അടുക്കളയിലെ ശബ്ദങ്ങള്‍ തന്നെയാണ്. തുടര്‍ച്ചയായ കേള്‍വിയില്‍ ആഖ്യാനത്തിന്‍റെ ഭാഗം തന്നെയാവുന്നുണ്ട് ഈ ശബ്ദങ്ങള്‍. ചിത്രത്തിന്‍റെ ശബ്‍ദരൂപകല്‍പ്പനയെക്കുറിച്ച് ജൂറി പറഞ്ഞത് ഇങ്ങനെ- "വീടും അടുക്കളയും അവിടുത്തെ മനുഷ്യരും വസ്‍തുക്കളുമടങ്ങുന്ന കഥാന്തരീക്ഷത്തിലെ ശബ്‍ദങ്ങളെ പ്രമേയത്തിന് അനുഗുണമായി രൂപകല്‍പ്പന ചെയ്‍ത മികവിന്".

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും മികച്ച നടിക്കും നടനുമുള്ള പുരസ്‍കാരങ്ങള്‍ക്കായും പരിഗണിക്കപ്പെട്ടിരുന്നു. മികച്ച സംവിധായകനുള്ള പദ്‍മരാജന്‍ പുരസ്‍കാരം ചിത്രം ജിയോ ബേബിക്ക് നേടിക്കൊടുത്തിരുന്നു. ഐഎംഡിബി ഇന്ത്യന്‍ പോപ്പുലര്‍ ലിസ്റ്റിലും ചിത്രം ഇടംപിടിച്ചിരുന്നു.