റിലീസിന് ഇനിയും 30 ദിവസം; വിജയ്‍യുടെ 'ഗോട്ട്' അഡ്വാന്‍സ് ബുക്കിംഗിന് തുടക്കം അവിടെ, ഇന്ന് മുതല്‍
സെപ്റ്റംബര്‍ 5 ആണ് ചിത്രത്തിന്‍റെ പ്രഖ്യാപിച്ചിരിക്കുന്ന ആഗോള റിലീസ് തീയതി
പല കാരണങ്ങളാല്‍ തമിഴ് സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വിജയ് നായകനാവുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്). വിജയ്‍യുടെ സജീവ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ അദ്ദേഹത്തിന്‍റെ അവസാന ചിത്രമാവാന്‍ സാധ്യതയുള്ള സിനിമയായാണ് ഗോട്ട് വിലയിരുത്തപ്പെടുന്നത്. കൂടാതെ തമിഴില്‍ ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കിയ വെങ്കട് പ്രഭുവിനൊപ്പം വിജയ് ആദ്യമായി ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കൗതുകകരമായ ഒരു അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുന്നതിനെക്കുറിച്ചാണ് അത്. സെപ്റ്റംബര്‍ 5 ആണ് ചിത്രത്തിന്‍റെ പ്രഖ്യാപിച്ചിരിക്കുന്ന ആഗോള റിലീസ് തീയതി. അതായത് റിലീസിലേക്ക് ഇനിയും 30 ദിനങ്ങള്‍. ഒരു മാസം ശേഷിക്കെ ഇന്ന് രാത്രിയോടെ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുകയാണ്. എന്നാല്‍ ഇന്ത്യയിലല്ല ഇത്. മറിച്ച് യുകെയില്‍ ആണ്. ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
യുകെയില്‍ ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്ക്രീന്‍ കൗണ്ട് ലഭ്യമാക്കാനാണ് അഹിംസ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ശ്രമം. ഐമാക്സിന്‍റെ മാത്രം കണക്കെടുത്താല്‍ ഇതിനകം 25 സ്ക്രീനുകള്‍ യുകെയില്‍ ചിത്രത്തിന് ലഭ്യമായിട്ടുണ്ടെന്നാണ് വിവരം. റിലീസിലേക്ക് അടുക്കുമ്പോള്‍ ഇത് ഇനിയും വര്‍ധിക്കാം. വിജയ്‍ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, മീനാക്ഷി ചൗധരി, ജയറാം, സ്നേഹ, ലൈല, യോഗി ബാബു, വിടിവി ഗണേഷ്, അജ്മല്‍ അമീര്‍, മനോബാല, വൈഭവ്, അജയ് രാജ്, അരവിന്ദ് ആകാശ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ നിര്‍മ്മാതാക്കള്‍ വന്‍ തുകയാണ് നേടിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
ALSO READ : 'അഡിയോസ് അമിഗോ' പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു