26-ാം വയസിൽ അമിതാഭ് ബച്ചനിൽ നിന്നും 5 കോടി! അവസാനം ജീവിക്കാൻ പാൽക്കച്ചവടം, സുശീൽ കുമാര്‍ ഇപ്പോള്‍ എവിടെയാണ്?
തന്‍റെ ജീവിതത്തെ എന്നത്തേക്കും മാറ്റിമറിച്ച കോന്‍ ബനേഗാ ക്രോര്‍പതിയില്‍ 2011 ല്‍ മത്സരിക്കാനെത്തുമ്പോള്‍ ബിഹാര്‍ ഗ്രാമ വികസന വകുപ്പിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയി കരാര്‍ ജോലിയിലായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഗെയിം ഷോകളില്‍ ഒന്നായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ (കെബിസി) 16-ാം പതിപ്പ് നാളെ (ഓഗസ്റ്റ് 12) ആരംഭിക്കാന്‍ പോവുകയാണ്. മൂന്നാം സീസണ്‍ ഒഴികെ (ആ സീസണില്‍ മാത്രം ഷാരൂഖ് ഖാന്‍) അമിതാഭ് ബച്ചന്‍ അവതാരകനായ ഷോയിലെ പല വിജയികളും വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ സുശീല്‍ കുമാറിന്‍റെ കഥ അതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ്. കെബിസിയുടെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ സുശീല്‍ കുമാറും അയാളുടെ ജീവിതവും ഒരിക്കല്‍ക്കൂടി ചര്‍ച്ചയാവുകയാണ്.
ബിഹാര്‍ സ്വദേശിയാണ് സുശീല്‍ കുമാര്‍. തന്‍റെ ജീവിതത്തെ എന്നത്തേക്കും മാറ്റിമറിച്ച കോന്‍ ബനേഗാ ക്രോര്‍പതിയില്‍ 2011 ല്‍ മത്സരിക്കാനെത്തുമ്പോള്‍ സംസ്ഥാന ഗ്രാമ വികസന വകുപ്പിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയി കരാര്‍ ജോലിയിലായിരുന്നു അദ്ദേഹം. എന്നാല്‍ ഷോയില്‍ രാജ്യം മുഴുവനും കണ്ട 5 കോടിയുടെ വിജയത്തിന് ശേഷം ആ ജോലി അദ്ദേഹം രാജിവച്ചു. 5 കോടി സമ്മാനത്തുകയില്‍ നിന്നും നികുതി ഈടാക്കി കഴിഞ്ഞ് മൂന്നര കോടി കൈയില്‍ കിട്ടി. ഒരു വീട് വെക്കുകയാണ് സുശീല്‍ ആ പണം കൊണ്ട് ആദ്യം ചെയ്തത്. ബാക്കി തുക ബാങ്കിലുമിട്ടു. എന്നാല്‍ നാടകീയതകളും അപ്രതീക്ഷിതത്വങ്ങളുമായിരുന്നു മുന്നോട്ടുള്ള വഴിയില്‍ ഈ ചെറുപ്പക്കാരനെ കാത്തിരുന്നത്.
സാമ്പത്തികനമായ കാര്യങ്ങളെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലാതിരുന്ന ഈ 26 കാരന്‍ ചില നിക്ഷേപങ്ങള്‍ നടത്തി. എന്നാല്‍ അവയില്‍ ഭൂരിഭാഗവും സുരക്ഷിതമല്ലാത്തവയായിരുന്നു. പ്രശസ്ത ടെലിവിഷന്‍ ഷോയില്‍ 5 കോടി സമ്മാനം നേടിയ ആളെന്ന് രാജ്യം മുഴുവനുമുള്ള പേര് നിരവധി പേരെ അദ്ദേഹത്തിന് മുന്നിലെത്തിച്ചു. ഏറെയും സാമ്പത്തിക സഹായം ചോദിച്ച് എത്തിയവര്‍. വ്യക്തികള്‍ മാത്രമല്ല, സംഘടനകളും. ആവശ്യക്കാരെ സഹായിക്കുക എന്നതില്‍ ആദ്യം സന്തോഷം കണ്ടെത്തിയെങ്കില്‍ സുശീലിന് പിന്നീട് അതൊരു ലഹരിയായി. ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുതെന്ന് പറയുമ്പോലെ തന്‍റെ സഹായങ്ങള്‍ പരസ്യപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചുമില്ല. പില്‍ക്കാലത്ത് എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ അക്കാലത്ത് മാസത്തില്‍ ആയിരത്തിലധികം യോഗങ്ങളിലും പരിപാടികളിലും താന്‍ പങ്കെടുത്തിരുന്നതായി അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ സഹായം അഭ്യര്‍ഥിച്ചു വന്നവരില്‍ പലരും തന്നെ പറ്റിക്കുകയായിരുന്നെന്ന് വൈകിയാണ് സുശീല്‍ മനസിലാക്കിയത്.
ജീവിതത്തില്‍ പൊടുന്നനെ സംഭവിച്ചുകൊണ്ടിരുന്ന ഈ മാറ്റങ്ങള്‍ കുടുംബ ജീവിതത്തെയും ബാധിച്ചു. സുശീലിന് നല്ലതും ചീത്തയും കണ്ടാല്‍ തിരിച്ചറിയില്ലെന്നായിരുന്നു ഭാര്യയുടെ പ്രധാന പരാതി. സ്വന്തം ജീവിതം സുരക്ഷിതമാക്കുന്നതിന് മുന്‍പേ മറ്റുള്ളവരെ കൈയയച്ച് സഹായിക്കുന്നതിനെ അവര്‍ വിമര്‍ശിച്ചെങ്കിലും സുശീല്‍ അത് ചെവിക്കൊണ്ടില്ല. അങ്ങനെ വീട് എന്നത് സ്ഥിരം തര്‍ക്കങ്ങളുടെ ഒരു കേന്ദ്രമായി മാറി. പുകവലി, മദ്യപാന ശീലങ്ങളിലേക്കും അത് ഒഴിവാക്കാനാവാത്ത ലഹരിയായി മാറുന്നതും അക്കാലത്താണ്.
സംഘര്‍ഷങ്ങളില്‍ നിന്നുള്ള മോചനമെന്ന നിലയില്‍ പലപ്പോഴും ദില്ലിയില്‍ എത്തുമായിരുന്ന സുശീലിന് അവിടുത്തെ കലാകാരന്മാരുടെയും അക്കാദമിസ്റ്റുകളുടെയും സംഘങ്ങളില്‍ പ്രവേശനമുണ്ടായിരുന്നു. ബുദ്ധിയെയും സര്‍ഗാത്മകതയെയും ഉദ്ദീപിപ്പിക്കുന്നതെന്ന് സുശീല്‍ കരുതിയ ആ ഗ്രൂപ്പുകള്‍ പക്ഷേ അദ്ദേഹത്തിന്‍റെ മദ്യപാന ശീലത്തെക്കൂടിയാണ് വര്‍ധിപ്പിച്ചത്. ഒരു ഘട്ടം പിന്നിട്ടപ്പോഴേക്കും ബാങ്കില്‍ ഉണ്ടായിരുന്ന നീക്കിയിരുപ്പ് നാമാവശേഷമായിരുന്നു.
ജീവിക്കാനായി പാല്‍ വില്‍പ്പനക്കാരന്‍റെ വേഷം കെട്ടുന്ന സുശീലിനെയാണ് ലോകം പിന്നീട് കാണുന്നത്. അക്കാലത്ത് ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ സുശീലിനോട് അപ്പോഴത്തെ ജീവിതത്തെക്കുറിച്ച് ചോദിച്ചു. അതില്‍ അരിശം തോന്നിയ സുശീല്‍ തന്‍റെ യഥാര്‍ഥ ജീവിതം വള്ളി പുള്ളി വിടാതെ അയാളോട് പറഞ്ഞു. എങ്ങനെയൊക്കെയാണ് പണം നഷ്ടമായതെന്നും ജീവിക്കാന്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്നും. രാജ്യമെങ്ങും ഇത് വാര്‍ത്താപ്രാധാന്യം നേടി. ഒരിക്കല്‍ പണം ചോദിച്ചും സൌഹൃദം ഭാവിച്ചും അടുത്തെത്തിയവര്‍ അയാളെ കാണുമ്പോള്‍ ഒഴിഞ്ഞുനടന്നു. പൊതുയോഗങ്ങളിലേക്ക് പിന്നീട് അയാളെ ആരും വിളിക്കാതെയായി.
എന്നാല്‍ അടിസ്ഥാനപരമായി അറിവിലും സര്‍ഗാത്മകതയിലുമൊക്കെ വിശ്വസിച്ചിരുന്ന സുശീലിന് സമയമെടുത്തെങ്കിലും ഈ മാനസികാഘാതങ്ങളില്‍ നിന്നൊക്കെ കരകയറാനായി. 2023 ഡിസംബറില്‍ ബിഹാര്‍ പബ്ലിക് സര്‍വ്വീസ് അധ്യാപകരുടെ ഒഴിവിലേക്ക് നടത്തിയ പരീക്ഷയില്‍ 119-ാം റാങ്ക് അദ്ദേഹത്തിനായിരുന്നു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള സൈക്കോളജി അധ്യാപകരുടെ ഒഴിവിലേക്കുള്ള പരീക്ഷയിലായിരുന്നു ഇത്. ആറ് മുതല്‍ എട്ട് വരെ ക്ലാസുകളിലേക്കുള്ള സോഷ്യല്‍ സയന്‍സ് അധ്യാപകരുടെ തസ്തികയിലേക്കുള്ള പരീക്ഷയില്‍ 1612-ാം റാങ്കും സുശീല്‍ നേടി. സൈക്കോളജിയില്‍ എംഎയും ബിഎഡുമുള്ള അദ്ദേഹം ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ ബിഹാര്‍ യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡിയും ചെയ്യുന്നുണ്ട്.
പ്രകൃതിസ്നേഹി കൂടിയായ സുശീല്‍ കുമാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. നിലവിലെ കര്‍മ്മ മേഖലയായ അധ്യാപനത്തില്‍ വിദ്യാര്‍ഥികളെ സ്വാധീനിക്കുന്ന ഒരു മികച്ച അധ്യാപകനാകണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം.
ALSO READ : പൊട്ടിച്ചിരിയുമായി സൈജു കുറുപ്പ്; 'ഭരതനാട്യം' ട്രെയ്‌ലര്‍ എത്തി