ഇത്തവണ ഒരു ദു:ഖ വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്

പ്രേക്ഷകർ സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ അറിഞ്ഞ താരദമ്പതിമാരാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. നർത്തകരായ ഇരുവരും അവരവരുടേതായ കഴിവുകൾ പ്രേക്ഷകരിലേക്കെത്തിച്ച് ശ്രദ്ധേയരായവരാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഇരുവരും വിവാഹിതരായത്. ഭർത്താവ് അർജുന്‍റെ വീട്ടിലെ വിശേഷങ്ങൾ സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇത്തവണ ഒരു ദു:ഖ വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. 

അർജുന്‍റെ അച്ഛനും സഹോദരന്‍റെ ഭാര്യയും വിടപറഞ്ഞുവെന്ന വാർത്തയാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്. 'ഇത് ശേഖര്‍ കുടുംബം. ഇടത് വശത്ത് നിന്ന് തുടങ്ങിയാൽ ആദ്യം നില്‍ക്കുന്നത് എന്‍റെ മരുമകന്‍, നാത്തൂന്‍, സഹോദരന്‍, അമ്മായിയമ്മ, എന്‍റെ ഭര്‍ത്താവ്, അമ്മായിയച്ഛന്‍, ഞാന്‍, എന്‍റെ മരുമകള്‍ എന്നിവരാണ്. ഒരിക്കൽ വലിയ സന്തോഷം നിറഞ്ഞ പൂര്‍ണമായ കുടുംബമായിരുന്നു. ജീവിതം പ്രവചനാതീതവും വിചിത്രവുമാണ്. ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും വിലയേറിയ രണ്ട് നെടുംതൂണുകള്‍ നഷ്ടപ്പെട്ടു. എന്‍റെ ഭർതൃ സഹോദരിയും ഭർതൃപിതാവും. നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ തീര്‍ച്ചയായും നമുക്ക് സാധിക്കില്ല. എന്നാല്‍ നമുക്കൊപ്പമുള്ളവരെ സംരക്ഷിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ...'- എന്നാണ് സൗഭാഗ്യ കുടുംബ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

View post on Instagram

മിനിസ്‌ക്രീനിലോ ബിഗ്‌സ്‌ക്രീനിലോ മുഖം കാണിക്കാതെ തന്നെ മലയാളിക്ക് പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് മലയാളികള്‍ സൗഭാഗ്യയെ നെഞ്ചേറ്റിയത്. കാലങ്ങളായി നൃത്തം അഭ്യസിക്കുന്ന, സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും നൃത്തലോകത്തുനിന്നു തന്നെയാണ്. ചക്കപ്പഴം പരമ്പരയുടെ ആദ്യ ഘട്ടത്തിൽ ശിവൻ എന്ന കഥാപാത്രമായി അർജുൻ എത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona