ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം 'ദി ഒഡീസി'യുടെ ടീസർ ട്രെയ്‌ലർ ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്.
ഹോളിവുഡ്: ഓസ്കാര്‍ ജേതാവായ വിഖ്യാത സംവിധായകന്‍ ക്രിസ്റ്റഫർ നോളന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഒഡീസി'യുടെ ടീസർ ട്രെയ്‌ലർ ഓൺലൈനിൽ ചോർന്നതായി റിപ്പോര്‍ട്ട്. 2026 ജൂലൈ 17-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഹോമറിന്റെ ഗ്രീക്ക് പുരാണ കാവ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
മാറ്റ് ഡാമൻ ഒഡീസിയസ് എന്ന ഇതാക രാജാവിനെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നു. ട്രോയി യുദ്ധത്തിനു ശേഷം പത്ത് വര്‍ഷത്തോളം ഈ രാജാവ് സ്വന്തം നാട്ടിലേക്ക് നടത്തിയ യാത്രയിലെ സാഹസികതകളാണ് ഈ കാവ്യത്തില്‍ പറയുന്നത്.
70 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ, 'ജുറാസിക് വേൾഡ്: റീബർത്ത്' എന്ന ചിത്രത്തിന്റെ തിയേറ്റർ പ്രദർശനങ്ങളോടൊപ്പം പ്രദർശിപ്പിക്കാന്‍ ഇരിക്കുകയായിരുന്നു. എന്നാൽ, ഈ ടീസറിന്‍റെ ഫോണില്‍ ചിത്രീകരിച്ച ചില ഭാഗങ്ങള്‍ എക്സില്‍ ചില അക്കൗണ്ടുകള്‍ പോസ്റ്റ് ചെയ്തതോടെ ട്രെയ്‌ലർ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചു.
ടോം ഹോളണ്ട് ഒഡീസിയസിന്റെ മകൻ ടെലിമാകസായും, മാറ്റ് ഡാമൻ ഒഡീസിയസായും ട്രെയ്‌ലറിൽ പ്രത്യക്ഷപ്പെടുന്നു. ഒരു മനുഷ്യൻ കടലിൽ ഒഴുകുന്ന ഒരു മരക്കഷണത്തിൽ കുടുങ്ങിയിരിക്കുന്ന ദൃശ്യത്തോടെ ട്രെയ്‌ലർ അവസാനിക്കുന്നത്. ഇത് ഡാമന്റെ ഒഡീസിയസാണെന്നാണ് സൂചന. ട്രെയ്‌ലറിൽ റോബർട്ട് പാറ്റിൻസന്‍റെ വോയ്‌സ്ഓവറും കേള്‍ക്കാം. എന്നാൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
250 മില്യൺ ഡോളറിന്റെ ബജറ്റുമായി, 'ദി ഒഡീസി' നോളന്റെ ഏറ്റവും ചെലവേറിയ പ്രോജക്ടാണ്. ഗ്രീസ്, മൊറോക്കോ, ഇറ്റലി എന്നിവിടങ്ങളിൽ ഐമാക്സ് ക്യാമറകൾ ഉപയോഗിച്ചാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. 2025 ഫെബ്രുവരിയിലാണ് ചിക്രം ചിത്രീകരണം ആരംഭിച്ചത്. ഇപ്പോൾ സ്കോട്ട്‌ലൻഡിൽ ചിത്രീകരണം തുടരുകയാണ് എന്നാണ് വിവരം.
അടുത്തതായി അയർലൻഡിലും യുകെയിലും ചിത്രീകരണം നടക്കുമെന്നാണ് വിവരം. സെൻഡയ, ലുപിറ്റ ന്യോംഗോ, റോബർട്ട് പാറ്റിൻസൻ, ആൻ ഹാത്‌വേ, ചാർലിസ് തെറോൺ, മിയ ഗോത്ത് എന്നിവരുൾപ്പെടെ ഒരു വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
ചാർലിസ് തെറോൺ സോഴ്‌സറസ് ദേവതയായ സിർസിന്റെ വേഷത്തിൽ അഭിനയിക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടെങ്കിലും, അവർ ഇത് സ്ഥിരീകരിച്ചിട്ടില്ല. 'ഇന്റർസ്റ്റെല്ലർ' എന്ന ചിത്രത്തിനു ശേഷമുള്ള നോളന്റെ ഏറ്റവും സങ്കീർണമായ വിഷ്വൽ എഫക്ട് പ്രോജക്ടായിരിക്കും 'ദി ഒഡീസി' എന്നാണ് വിവരം.


